കണ്ണും പൂട്ടി അടിച്ച് വിക്കറ്റ് കളയുന്ന ശൈലിയെയും സ്ഥിരതയില്ലായ്മയെയും പലരും വിമര്‍ശിക്കുമ്പോഴും ഈ രീതി മാറ്റാന്‍ ഒരുക്കമല്ലെന്ന് തുറന്നു പറയുകയാണ് സഞജു.

ജയ്പൂര്‍: ടി20 ലോകകപ്പിനുള്ള ഓഡീഷനായിരിക്കും ഇത്തവണത്തെ ഐപിഎല്ലെന്ന് യുവതാരങ്ങള്‍ക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ ഇത്തവണ ഐപിഎല്ലില്‍ മിന്നിയാല്‍ ലോകകപ്പ് ടീമിലൊരു സ്ഥാനം പ്രതീക്ഷിച്ചാണ് യുവതാരങ്ങളില്‍ പലരും ഐപിഎല്ലിനിറങ്ങുന്നത്. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് ലോകകപ്പ് ടീമിലിടം നേടാന്‍ ഐപിഎല്‍ നിര്‍ണായകമാണ്.

എന്നാല്‍ കണ്ണും പൂട്ടി അടിച്ച് വിക്കറ്റ് കളയുന്ന ശൈലിയെയും സ്ഥിരതയില്ലായ്മയെയും പലരും വിമര്‍ശിക്കുമ്പോഴും ഈ രീതി മാറ്റാന്‍ ഒരുക്കമല്ലെന്ന് തുറന്നു പറയുകയാണ് സഞജു. ഇത്തവണയും തന്‍റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അടിക്കേണ്ട പന്താണെങ്കില്‍ അത് ആദ്യ പന്തെന്നോ അവസാന പന്തെന്നോ നോക്കാതെ അടിച്ചിരിക്കുമെന്നും തുറന്നു സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

25 കോടിയുടെ മുതലാണ്, ഇങ്ങനെ ഒരു മയമില്ലാതെ അടിക്കരുത്; സ്റ്റാര്‍ക്കിനെ അടിച്ചുപറത്തി റിങ്കുവും മനീഷ് പാണ്ഡെയും

ബാറ്റിംഗില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കാനാണ് ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. എന്‍റേതായൊരു ശൈലി ഉണ്ടാക്കാനാണ് എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത്. സിക്സ് അടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലായ്പ്പോഴും ക്രീസിലെത്തുന്നത്. അത് ആദ്യ പന്തായാലും അവസാന പന്തായാലും അങ്ങനെ തന്നെ. ആ മനോഭാവത്തില്‍ ഇത്തവണയും ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാണ് ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. എന്തിനാണ് ഒരു സിക്സ് അടിക്കാന്‍ 10 പന്തുകളൊക്കെ കാത്തിരിക്കുന്നത്. അതാണ് എന്‍റെ പവര്‍ ഹിറ്റിങിന്‍റെ ശക്തിയെന്ന് ഞാന്‍ കരുതുന്നു.

വന്നല്ലോ നമ്മുടെ പുഷ്പരാജ്, ഡൽഹി ടീമിനൊപ്പം ചേർന്ന ഡേവിഡ് വാർണർക്ക് 'പുഷ്പ' സ്റ്റൈലിൽ സ്വീകരണമൊരുക്കി ടീം

കൊവിഡ് കാലത്ത് നടത്തിയ കഠിന പരിശീലനം തനിക്കേറെ ഗുണം ചെയ്തെന്നും അതിനായ് ഒരുപാട് പേര്‍ സഹായിച്ചുവെന്നും സഞ്ജു പറഞ്ഞു. കേരളത്തെ പോലെ ചെറിയൊരു സംസ്ഥാനത്തു നിന്ന് വരുന്ന തനിക്ക് ക്രിക്കറ്റില്‍ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യത്തിന്‍റെ ദേശീയ ടീമില്‍ സ്ഥാനം ഉറപ്പാക്കണമെങ്കില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തേ മതിയാവു എന്നും സഞ്ജു പറഞ്ഞു. കാരണം, ഇത്രമാത്രം പ്രതിഭകളുള്ള രാജ്യത്ത് ദേശീയ ടീമിലെത്താന്‍ കടുത്ത മത്സരം തന്നെ വേണ്ടിവരുമെന്നും സഞ്ജു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക