ദില്ലി: ദക്ഷിണാഫ്രിക്ക എ ക്കെതിരായ അവസാന ഏകദിനത്തിലെ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍. എന്തുകൊണ്ട് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെ നാലാം നമ്പറില്‍ പരിഗണിച്ചുകൂടാ എന്ന് നേരത്തെ ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഗംഭീര്‍ സഞ്ജുവിനെ പ്രശംസകൊണ്ട് മൂടിയത്.

നിലവിലെ ഫോമും പ്രതിഭയുെ കണക്കിലെടുത്താല്‍ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍പോലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബാറ്റ്സ്മാനാണ് സ‍ഞ്ജുവെന്ന് പറഞ്ഞ ഗംഭീര്‍, ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറില്‍ സഞ്ജുവെന്ന അമൂല്യപ്രതിഭയെ കൊണ്ടുപോകാനുള്ള സ്ഥലമുണ്ടാവുമോ എന്ന് മാത്രമെ സംശയമുള്ളുവെന്നും ട്വീറ്റ് ചെയ്തു. ദക്ഷിണാഫ്രിക്ക എക്കെതിരെ 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജുവിന് അഭിനന്ദനങ്ങളെന്നും ഗംഭീര്‍ കുറിച്ചു.

ദക്ഷിണാഫ്രിക്ക എക്കെതിരായ മിന്നും പ്രകടനത്തോടെ ഋഷഭ് പന്തിനും ഇഷാന്‍ കിഷനുമൊപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിന്റെ പേരും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.