ഇന്ത്യൻ കളിക്കാരിൽ ഭൂരിഭാഗം പേര്‍ക്കും ഹസരങ്കയുടെ പന്തുകള്‍ മനസിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവനെതിരെ കളിക്കാൻ അവരാരും ആഗ്രഹിക്കുന്നുമില്ല. പ്രത്യേകിച്ച് സഞ്ജു സാംസണെപ്പോലുള്ള കളിക്കാർ ഹസരങ്കക്കെതിരെ കളിക്കാന്‍ ഒട്ടും ആഗ്രഹിക്കാത്തവരാണ്.

മുംബൈ: ശ്രീലങ്കന്‍ സ്പിന്നറായ വാനിന്ദു ഹസരങ്കക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ സഞ്ജു സാംസണും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കുമെല്ലാം മുട്ടിടിക്കുമെന്ന് മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മെഹ്റൂഫ്. ഹസരങ്കയുടെ പന്തുള്‍ മനസിലാക്കാന്‍ സഞ്ജുവിനോ എന്തിന് ഹാര്‍ദ്ദിക്കിനോ പോലും കഴിയില്ലെന്നും മെഹറൂഫ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ഇന്ത്യൻ കളിക്കാരിൽ ഭൂരിഭാഗം പേര്‍ക്കും ഹസരങ്കയുടെ പന്തുകള്‍ മനസിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവനെതിരെ കളിക്കാൻ അവരാരും ആഗ്രഹിക്കുന്നുമില്ല. പ്രത്യേകിച്ച് സഞ്ജു സാംസണെപ്പോലുള്ള കളിക്കാർ ഹസരങ്കക്കെതിരെ കളിക്കാന്‍ ഒട്ടും ആഗ്രഹിക്കാത്തവരാണ്. എന്തിന് ഹാർദ്ദിക് പാണ്ഡ്യയ്ക്ക് പോലും ഹസരങ്കയെ നേരിടാൻ ആത്മവിശ്വാസമില്ല. മോശം പന്തെറിഞ്ഞില്ലെങ്കില്‍ അവനെതിരെ സ്കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുമെന്നും മെഹ്റൂഫ് പറഞ്ഞു.

ഇന്ത്യന്‍ താരത്തിന്‍റെ വേഗമറിയ പന്ത്, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഉമ്രാന്‍ മാലിക്

ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഹസരങ്കയെ ദസുൻ ഷനക വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചു. ഇന്ത്യക്കെതിരെ നല്ലരീതിയില്‍ ഗൃഹപാഠം ചെയ്താണ് ലങ്ക ഇറങ്ങിയതെന്ന് മത്സരം കണ്ടാല്‍ മനസിലാവും. ഇന്ത്യ രണ്ട് റണ്‍സിന് ജയിച്ചെങ്കിലും ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തിയെന്നും മെഹ്റൂഫ് പറഞ്ഞു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഹസരങ്ക ഒരു വിക്കറ്റെടുത്തിരുന്നു. 37 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍റെ വിക്കറ്റാണ് ഹസരങ്ക വീഴ്ത്തിയത്. 10 പന്തില്‍ 21 റണ്‍സെടുത്ത് ബാറ്റിംഗിലും ഹസരങ്ക തിളങ്ങിയിരുന്നു.

നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു സാംസണ് ആദ്യമൊരു ലൈഫ് ലഭിച്ചെങ്കിലും സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വക്കെതിരെ സിക്സടിക്കാനുള്ള ശ്രമിത്തില്‍ ദില്‍ഷന്‍ മധുഷനകക്ക് ക്യാച്ച് നല്‍കി മടങ്ങി. ആറ് പന്തില്‍ അഞ്ച് റണ്‍സായിരുന്നു സഞ്ജുവിന്‍റെ സംഭാവന. ഹാര്‍ദ്ദിക് ആകട്ടെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 27 പന്തില്‍ 29 റണ്‍സെടുത്ത് മധുഷനകയുടെ പന്തില്‍ പുറത്തായി.