അഭിഷേകിനെ വീഴ്ത്താൻ ആദ്യ ഓവറില്‍ സ്പിന്നറെ ആണ് അയര്‍ലന്‍ഡ് നിയോഗിച്ചത്. മാത്യ ഹംഫ്രൈസ് എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ഫോർ അടിച്ചപ്പോള്‍ അഭിഷേക് സിക്സും ഫോറും അടിച്ചു.

ബെൽഫാസ്റ്റ്: ടി20 ലോകകപ്പിലെ വീരോചിത പ്രകടനങ്ങള്‍ക്കുശേഷം ആദ്യമായി ഇന്ത്യൻ കുപ്പായത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് നിരാശ. അയര്‍ലന്‍ഡിനെതരായ ആദ്യ ടി20 മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു രണ്ടാം ഓവറില്‍ ഇന്ത്യൻ വംശജൻ ജയ് മൂന്ദ്രയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ആദ്യ ഓവറില്‍ ബൗണ്ടറി അടിച്ച് അക്കൗണ്ട് തുറന്ന സഞ്ജു നാലു പന്തില്‍ 5 റണ്‍സെടുത്ത് മൂന്ദ്രയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. അയര്‍ലന്‍ഡിനായി അരങ്ങേറ്റം കുറിച്ച 29-കാരനായ മൂന്ദ്ര രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് അരങ്ങേറ്റം അവിസ്മരണീയമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിഷേകിനെ വീഴ്ത്താൻ ആദ്യ ഓവറില്‍ സ്പിന്നറെ ആണ് അയര്‍ലന്‍ഡ് നിയോഗിച്ചത്. മാത്യ ഹംഫ്രൈസ് എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ഫോർ അടിച്ചപ്പോള്‍ അഭിഷേക് സിക്സും ഫോറും അടിച്ചു. ഇതോടെ ആദ്യ ഓവറില്‍ 16 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. എന്നാല്‍ രണ്ടാം ഓവര്‍ എറിയാനായി ഇടം കൈയന്‍ പേസര്‍ ജയ് മൂന്ദരയെത്തി. മൂന്ദ്രയുടെ ആദ്യ പന്തില്‍ തന്നെ കട്ട് ഷോട്ടിന് ശ്രമിച്ച സഞ്ജു ബൗള്‍ഡായി മടങ്ങി.

Scroll to load tweet…

സഞ്ജുവിന് സമ്മര്‍ദ്ദം

സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ രണ്ടാം മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റിന് മേല്‍ സമ്മര്‍ദ്ദമേറും. മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതും വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ ടീമിലുള്ളതും സഞ്ജുവിന്‍റെ സമ്മര്‍ദ്ദം കൂട്ടും. എന്നാല്‍ സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെന്നത് ടീം മാനേജ്മെന്‍റിന് തലവേദനയാകും.

ആരാണ് സഞ്ജുവിനെ വീഴ്ത്തിയ ജയ് മൂന്ദ്ര

ഇന്ത്യക്കെതിരെ അയർലൻഡിനായി അരങ്ങേറ്റം കുറിച്ച 29-കാരനായ ജയ് മൂന്ദ്ര രാജസ്ഥാനിലാണ് ജനിച്ചതും വളർന്നതും. 1997 ജനുവരി 10-ന് രാജസ്ഥാനിലെ ടോങ്ക് എന്ന ചെറിയ പട്ടണത്തിലാണ് ജയ് മുന്ദ്ര ജനിച്ചത്. രാജസ്ഥാനിലെ ഒരു പ്രാദേശിക ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് താരം തന്‍റെ പേസ് ബോളിങ് കരിയർ ആരംഭിക്കുന്നത്. എന്നാൽ 16-ാം വയസിൽ മൂന്ദ്ര പേസ് ബൗളിംഗ് വിട്ട് ബാറ്ററായും ലെഫ്റ്റ് ആം സ്പിന്നറായും കളിമാറ്റി. പഠനത്തിന് പ്രാധാന്യം നൽകിയതോടെ ക്രിക്കറ്റ് ഒരു വഴിക്ക് മാറിപ്പോയി. ഒടുവിൽ കോളേജ് വിദ്യാഭ്യാസത്തിന് ശേഷം 2019-ലാണ് ക്രിക്കറ്റിൽ ഒരു കൈ കൂടി നോക്കാൻ ജയ് തീരുമാനിക്കുന്നത്. 2021-ൽ എംടെക് ഉപരിപഠനത്തിനായാണ് ജയ് മൂന്ദ്ര സ്റ്റുഡന്‍റ് വിസയിൽ അയർലൻഡിൽ എത്തുന്നത്.

പഠനത്തോടൊപ്പം ഡബ്ലിനിലെ 'ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബ്ബിൽ' ചേർന്ന് താരം കളി തുടർന്നു. 2023-ൽ ഈ ക്ലബ്ബിനൊപ്പം ഐറിഷ് സീനിയർ കപ്പും താരം സ്വന്തമാക്കി. ഇതിനിടയിൽ താൻ ഉപേക്ഷിച്ച ഇടംകൈയ്യൻ പേസ് ബോളിങ് ശൈലിയിലേക്ക് ജയ് വീണ്ടും തിരിച്ചെത്തി.ഐറിഷ് ആഭ്യന്തര ക്രിക്കറ്റിൽ ഇടംകൈയ്യൻ പേസ് ബോളിങ്ങിലും ലോവർ ഓർഡറിലെ തകർപ്പൻ ബാറ്റിംഗിലും ജയ് ഒരുപോലെ തിളങ്ങി. 2025-ൽ ജയ്ക്ക് ഐറിഷ് പൗരത്വം ലഭിച്ചു. ആഭ്യന്തര തലത്തിലെ ഈ മികച്ച പ്രകടനമാണ് ഒടുവിൽ അയർലൻഡ് സീനിയർ ടീമിലേക്കുള്ള വിളിക്ക് കാരണമായത്. ഇന്ത്യക്കെതിരെ കളത്തിലിറങ്ങിയതോടെ, സിമി സിംഗിന് ശേഷം അയർലൻഡിനായി കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജൻ എന്ന റെക്കോർഡും ജയ് മൂന്ദ്രയ്ക്ക് സ്വന്തമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക