അഞ്ചാം പന്തില്‍ മറ്റൊരു സിക്‌സര്‍ കൂടി. ഇത്തവണയും ബൗണ്‍സറുമായി ആര്‍ച്ചര്‍ എത്തിയപ്പോള്‍ സ്‌ക്വയര്‍ ലെഗിലൂടെ സഞ്ജു സിക്‌സര്‍ പായിക്കുകയായിരുന്നു.
മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ച് സഞ്ജു സാംസണ്‍. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിലാണ് സഞ്ജു ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചത്. അതും പരമ്പരയില്‍ മൂന്ന് തവണയും തന്നെ പുറത്താക്കിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ. സ്‌ക്വയര്‍ ലെഗിലൂടെ പുള്‍ഷോട്ട് കളിച്ചാണ് സഞ്ജു സിക്‌സര്‍ നേടിയത്. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പോലും സഞ്ജുവിന്റെ ഷോട്ടില്‍ അമ്പരന്നുപോയി.
ആ ഒരു ഷോട്ടില്‍ മാത്രം ഒതുക്കിയില്ല സഞ്ജു. അഞ്ചാം പന്തില്‍ മറ്റൊരു സിക്‌സര്‍ കൂടി. ഇത്തവണയും ബൗണ്‍സറുമായി ആര്‍ച്ചര്‍ എത്തിയപ്പോള്‍ സ്‌ക്വയര്‍ ലെഗിലൂടെ സഞ്ജു സിക്‌സര്‍ പായിക്കുകയായിരുന്നു. അവസാന പന്തില്‍ ബൗണ്ടറിയും നേടി. 16 റണ്‍സാണ് ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്കെതിരെ സഞ്ജു അടിച്ചെടുത്തത്. ഇതില്‍ രണ്ട് സിക്‌സുകളും സഞ്ജു ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഷോട്ടിലൂടെയാണെന്നുള്ളതാണ് അത്ഭുതം. ദേഹത്തേക്ക് അതിവേഗത്തില്‍ വരുന്ന പന്തുകളില്‍ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു പ്രയാസപ്പെടുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അത്തരത്തിലൊരു പന്തില്‍ തന്നെ സഞ്ജു പുറത്താവുകയും ചെയ്തു. ഇത്തവണ മാര്‍ക്ക് വുഡിന്റെ പന്തിലാണ് സഞ്ജു പുറത്താവുന്നത്. സ്‌ക്വയര്‍ ലെഗില്‍ ആര്‍ച്ചര്‍ക്ക് ക്യാച്ച്. സഞ്ജുവിന്റെ ഇന്നിംഗ്‌സിന് ശേഷം വന്ന ചില പ്രതികരണങ്ങള്‍ വായിക്കാം...
ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സാകിബ് മഹ്മൂദിന് പകരം മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് നേടിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബ്രൈഡണ്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

