ബംഗലൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ ഡബിള്‍ സെഞ്ചുറി നേടിയ കേരളത്തിന്റെ സഞ്ജു സാംസണ്‍ പിന്നിലാക്കായിത്  വീരേന്ദര്‍ സെവാഗും ശിഖര്‍ ധവാനും ഉള്‍പ്പെടെയുള്ള ഇന്ത്യയയുടെ എക്കാലത്തെയും മികച്ച താരങ്ങളെ. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളില്‍ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സഞ്ജു ഇന്ന് ഗോവക്കെതിരെ കുറിച്ചത്. 125 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച സഞ്ജു 212 റണ്‍സുമായി പുറത്താകാതെ നിന്നു.

132 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ചിട്ടുള്ള ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും 140 പന്തില്‍ ഡബിള്‍ സെഞ്ചുറി അടിച്ചിട്ടുള്ള വീരേന്ദര്‍ സെവാഗിന്റെയും റെക്കോര്‍ഡുകളാണ് സഞ്ജു ഇന്ന് ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരിശീലന മത്സരത്തിലായിരുന്നു ധവാന്റെ ഡബിളെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു സെവാഗിന്റെ ഡബിള്‍.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 183 റണ്‍സടിച്ചിട്ടുള്ള ധോണിയുടെ റെക്കോര്‍ഡാണ് സ‍ഞ്ജു മറികടന്നത്. സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും(129) സെഞ്ചുറികളുടെ മികവില്‍ കേരളം ഗോവയെ 104 റണ്‍സിന്(മഴനിയമപ്രകാരം) തോല്‍പ്പിച്ചു.