വിന്‍ഡീസിന്‍റെ ചെറിയ സ്കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യ പരീക്ഷണങ്ങള്‍ പലതും നടത്തി അഞ്ച് വിക്കറ്റ് കളഞ്ഞെങ്കിലും ഇഷാന്‍ കിഷന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ ജയിച്ചു കയറിയിരുന്നു.

ബാര്‍ബഡോസ്: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും. ആദ്യ ഏകദിനത്തിന് വേദിയായ ബാര്‍ബഡോസില്‍ തന്നെയാണ് രണ്ടാം ഏകദിനവും നടക്കുന്നത്. സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ ആദ്യ മത്സരത്തില്‍ 23 ഓവറില്‍ വിന്‍ഡീസ് 114ന് ഓള്‍ ഔട്ടായിരുന്നു. മൂന്നോവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിന്‍ഡീസിനെ കറക്കി വീഴ്ത്തിയത്.

വിന്‍ഡീസിന്‍റെ ചെറിയ സ്കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യ പരീക്ഷണങ്ങള്‍ പലതും നടത്തി അഞ്ച് വിക്കറ്റ് കളഞ്ഞെങ്കിലും ഇഷാന്‍ കിഷന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ ജയിച്ചു കയറിയിരുന്നു. നാളെ നടക്കുന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യ ബാറ്റിംഗ് നിരയില്‍ പരീക്ഷണം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ ഏകദിനത്തില്‍ രോഹിത് ഏഴാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങിയത്. വിരാട് കോലിയാകട്ടെ ബാറ്റിംഗിന് ഇറങ്ങിയതുമില്ല.

സൂര്യകുമാര്‍ യാദവിന് വീണ്ടും വീണ്ടും അവസരം നല്‍കിയിട്ടും ഏകദിനങ്ങളില്‍ തിളങ്ങാനാവാത്ത പശ്ചാത്തലത്തില്‍ മലയാളി താരം സഞ്ജു സാംസണ് നാളെ അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാര്‍ 25 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായിരുന്നു. ശുഭ്മാന്‍ ഗില്ലിനും നാളത്തെ മത്സരം നിര്‍ണായകമാണ്. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ ഗില്ലിന് പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ആദ്യ ഏകദിനതതിലും നിരാശപ്പെടുത്തിയതോടെ നാളത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് ഗില്ലിനും അനിവാര്യമാണ്.

ഏകദിന ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കായി അപൂര്‍വനേട്ടം സ്വന്തമാക്കി കുല്‍ദീപും ജഡേജയും

ബൗളിംഗ് നിരയില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം നാളെ യുസ്‌വേന്ദ്ര ചാഹലിനോ അക്ഷര്‍ പട്ടേലിനോ അവസരം നല്‍കിയേക്കും. ഹാര്‍ദ്ദിക് പാണ്ഡ്യയും മുകേഷ് കുമാറും പേസര്‍മാരായി തുടര്‍ന്നേക്കും. ബാറ്റിംഗ് നിരയില്‍ സൂര്യക്കോ ഇഷാന്‍ കിഷനോ പകരം സഞ്ജു പ്ലേയിംഗ് ഇലവനില്‍ എത്താനും സാധ്യതയുണ്ട്.