ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ശുഭ്മാൻ ഗില്ലിനെയും ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും ഭോഗ്‌ലെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാ കപ്പ് ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ഏഷ്യാ കപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ. മലയാളി താരം സഞ്ജു സാംസണെ ഭോഗ്‌ലെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമായി ടി20 ടീമില്‍ നിലനിര്‍ത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. സഞ്ജുവും അഭിഷേകും തന്നെയാണ് ഭോഗ്‌ലെ തെരഞ്ഞെടുത്ത ടീമിന്‍റെ ഓപ്പണര്‍മാര്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ശുഭ്മാൻ ഗില്ലിനെയും ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും ഭോഗ്‌ലെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം, മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതും ശ്രദ്ധേയമായി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിക്കുകയും 600ലേറെ റണ്‍സ് നേടുകയും ചെയ്ത് ശ്രേയസ് തിളങ്ങിയിരുന്നു. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഹര്‍ഷ ഭോഗ്‌ലെ തെരഞ്ഞെടുത്ത ഏഷ്യാ കപ്പ് ടീമില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയിലുള്ളത്.

Scroll to load tweet…

ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരും ഇടം നേടി. സഞ്ജുവിനൊപ്പം ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ ജിതേഷ് ശര്‍മയും ടീമിലെത്തിയപ്പോള്‍ ഫിനിഷറായ റിങ്കു സിംഗ് പുറത്തായി. ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടില്‍ തിളങ്ങിയ മുഹമ്മദ് സിറാജിന് ഭോഗ്‌ലെ ടീമില്‍ ഇടം നല്‍കിയിട്ടില്ല. അര്‍ഷ്ദീപ് സിംഗും പ്രസിദ്ധ് കൃഷ്ണയുമാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവരെയാണ് ഹര്‍ഷ ഭോഗ്‌ലെ ടീമിലെടുത്തത്.

ഏഷ്യാ കപ്പിനായി ഹര്‍ഷ ഭോഗ്‌ലെ തെരഞ്ഞെടുത്ത ഇന്ത്യൻ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക