ദുബായ് യാത്ര വിവാദമായതോടെ ഇഷാന്‍ കിഷനെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നത് ത്രിശങ്കുവിലായി

മൊഹാലി: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമില്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍റെ സ്ഥാനം വ്യക്തമാവാത്ത സാഹചര്യത്തിലാണ് സഞ്ജുവിന് കൂടുതല്‍ പരിഗണന കിട്ടാന്‍ സാധ്യതയെന്ന് ബംഗാളി മാധ്യമമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടുമുമ്പ് വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട കിഷൻ പിന്നീട് ദുബായിയില്‍ സഹോദരന്‍റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതും ഒരു ടിവി ഗെയിം ഷോയില്‍ ഭാഗവാക്കായതും സെലക്ടര്‍മാരെ ചൊടിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ലോകകപ്പ് വര്‍ഷത്തില്‍ ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ട്വന്‍റി 20 ടീമിലേക്ക് സഞ്ജു സാംസണ്‍ മടങ്ങിയെത്തിയിട്ടുണ്ട്. അഫ്‌ഗാനെതിരെ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയിലാണ് സഞ്ജുവിന് സെലക്ടര്‍മാര്‍ അവസരം നല്‍കുന്നത്. സഞ്ജു ദക്ഷിണാഫ്രിക്കയില്‍ പ്രോട്ടീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഗംഭീര സെഞ്ചുറി നേടിയതോടെ അവസരം നല്‍കുകയായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്കിടെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷനെ അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇഷാന്‍ അവധി ആവശ്യപ്പെട്ടത് ബിസിസിഐ അംഗീകരിച്ചിട്ടും താരം ദുബായില്‍ പോയതില്‍ സെലക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട് എന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് സഞ്ജു സാംസണിന് സെലക്ടര്‍മാര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ബിസിസിഐ പദ്ധതിയിടുന്നതായി വിവരം പുറത്തുവരുന്നത്. 

ദുബായ് യാത്ര വിവാദമായതോടെ ഇഷാന്‍ കിഷനെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നത് സംശയത്തിലായിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ദേശീയ താരമാണ് ഇഷാന്‍. അഫ്‌ഗാനെതിരെയും ഐപിഎല്ലിലും മികവ് കാട്ടിയാല്‍ ഇതോടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിന് കൂടുതല്‍ അവസരമൊരുങ്ങും. അഫ്‌ഗാനെതിരെ കളിക്കുന്നില്ലെങ്കിലും കെ എല്‍ രാഹുലിനെ ടി20 ലോകകപ്പിലും പ്രധാന വിക്കറ്റ് കീപ്പറായി കണ്ടേക്കും എന്നും സൂചനകളുണ്ട്. അതേസമയം ഇഷാന്‍ കിഷന് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് എന്ന വിവരമാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അഫ്‌ഗാനെതിരായ ആദ്യ ടി20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്. 'വീണ്ടും സെലക്ഷന് തയാറാണെന്ന് കിഷന്‍ ഇതുവരെ അറിയിച്ചിട്ടില്ല. അത് അറിയിക്കുന്ന സമയം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നസും തെളിയിച്ച് കിഷന് ടീമിലേക്ക് മടങ്ങിവരാവുന്നതേയുള്ളൂ' എന്നും ദ്രാവിഡ് പറഞ്ഞു.

Read more: സഞ്ജു സാംസണ്‍ അല്ല, ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ വേറൊരാള്‍, റിഷഭ് വന്നാല്‍ വീണ്ടും ട്വിസ്റ്റ്: ഗവാസ്കര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം