മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ദേശീയ ജേഴ്‌സിയില്‍ കളിക്കാന്‍ സാധ്യത തെളിയുന്നു. ലോകകപ്പ് കഴിഞ്ഞ ഉടനെ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന പരമ്പരയില്‍ സഞ്ജു കളിച്ചേക്കുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി. മൂന്ന് ടി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക. ഈ പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബൂമ്ര എന്നിവര്‍ക്ക് വിശ്രമം നല്‍കും. 

എന്നാല്‍ ഇന്ത്യന്‍ ടീം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് ബിസിസിഐയുടെ പദ്ധതി. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി കോലി, ബൂമ്ര എന്നിവര്‍ ടീമിനൊപ്പം ചേരും. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക കൂടിയാണ് ബിസിസിഐയുടെ ലക്ഷ്യം.

സഞ്ജുവിന് പുറമെ ക്രുനാല്‍ പാണ്ഡ്യ, ശ്രേയാസ് അയ്യര്‍, രാഹുല്‍ ചാഹര്‍ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്.