പത്തൊന്‍പതാം ഓവറില്‍ ആയിരുന്നു അശ്വിന്റെ അപ്രതീക്ഷിത നീക്കം. ആറാമനായി ക്രീസിലെത്തിയ അശ്വിന്‍ 28 റണ്‍സെടുത്തു നില്‍ക്കെ സ്വയം പിന്‍മാറുകയായിരുന്നു. 23 പന്തില്‍ രണ്ടു സിക്സറടക്കമാണ് അശ്വിന്‍ 28 റണ്‍സെടുത്തത്.
മുംബൈ: രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) സ്പിന്നര്‍ ആര്‍ അശ്വിന്റെ (R Ashwin) റിട്ടയേര്‍ഡ് ഔട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെതിരെ മത്സരത്തിലാണ് അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ടായത്. ഇതോടെ ഐപിഎല്ലില്‍ ആദ്യമായി റിട്ടയേര്‍ഡ് ഔട്ടായ താരമെന്ന റെക്കോര്‍ഡ് അശ്വിനെ തേടിയെത്തി. പത്തൊന്‍പതാം ഓവറില്‍ ആയിരുന്നു അശ്വിന്റെ അപ്രതീക്ഷിത നീക്കം. ആറാമനായി ക്രീസിലെത്തിയ അശ്വിന്‍ 28 റണ്‍സെടുത്തു നില്‍ക്കെ സ്വയം പിന്‍മാറുകയായിരുന്നു. 23 പന്തില്‍ രണ്ടു സിക്സറടക്കമാണ് അശ്വിന്‍ 28 റണ്‍സെടുത്തത്.
എന്നാലത് അശ്വിന്റെ മാത്രം തീരുമാനമല്ലെന്നായിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറയുന്നത്. ക്യാപ്റ്റന്റെ വാക്കുകള്‍... ''ഇതു അശ്വിന്‍ വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. ടീം നേരത്തേ പ്ലാന്‍ ചെയ്തിരുന്ന കാര്യമാണ്. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരത്തില്‍ പുതുതായി ചെയ്യണമെന്ന പദ്ധതി ടീം ക്യാംപിലുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സായത് മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചത്. സാഹചര്യം വരുമ്പോള്‍ ഉപയോഗിക്കണമെന്ന് നേരത്തെ ചിന്തയുണ്ടായിരുന്നു. തീരുമാനം ടീമിന്റേതായിരുന്നു.'' സഞ്ജു മത്സരശേഷം വിശദീകരിച്ചു.
എന്നാല്‍ ഈ പദ്ധതിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് അശ്വിനൊപ്പം ക്രീസിലുണ്ടായിരുന്ന ഷിംറോണ്‍ ഹെറ്റ്‌മേയര്‍ വ്യക്തമാക്കി. ''റിട്ടയേര്‍ഡ് ഔട്ട് പ്രതീക്ഷിച്ചിരുന്നില്ല. അശ്വിന്‍ ഗ്രൗണ്ട് വിട്ടത് ഞെട്ടലുണ്ടാക്കി.'' ഹെറ്റ്മയേര്‍ പറഞ്ഞു.
എന്നാല്‍ അശ്വിന്റെ തീരുമാനത്തെ പരിശീലകന്‍ കുമാര്‍ സംഗക്കാര പ്രശംസിച്ചു. ''അശ്വിന്റേത് ശരിയായ നീക്കമായിരുന്നു. കൃത്യ സമയത്ത് തന്നെ അദ്ദേഹം തീരുമാനമെടുത്തു. എന്ത് ചെയ്യണമെന്ന് അശ്വിന്‍ ഗ്രൗണ്ടില്‍ നിന്ന് ചോദിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കയറുമുമ്പ് ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആശ്വിന്റെ മാത്രം തീരുമായിരുന്നില്ല അത്. ടീം ആലോചിച്ച് എടുത്തതായിരുന്നു. കോച്ചെന്ന നിലയില്‍ ഒരു തെറ്റായ നീക്കം എന്റെ ഭാഗത്തു നിന്നുണ്ടായി. റാസ്സി വാന്‍ഡര്‍ ഡസ്സണ് മുമ്പ് റിയാന്‍ പരാഗിനെ ഇറക്കാതിരുന്നതായിരുന്നു അത്. അതിനാല്‍ പരാഗിനെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്കായില്ല.'' സംഗ വിശദമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമും ഇതുപോലെ ഔട്ടാകാതെ ക്രീസ് വിട്ടുപോയിട്ടുണ്ട്. മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. മൂന്ന് റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 166 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ലഖ്‌നൗവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്.
അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്റെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്‌നിസിന് കൈമാറി. അതുവരെ തകര്‍ത്തടിച്ച സ്റ്റോയ്‌നിസിന് രണ്ടാം പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ ബൗണ്ടറിയും ആറാം പന്തില്‍ സിക്‌സും നേടിയെങ്കിലും മൂന്ന് റണ്‍സിന്റെ ആവേശജയവുമായി രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തി.
