സിംബാബ്വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ഭാവിയെക്കുറിച്ചും സഞ്ജു സാംസൺ മനസ്സുതുറക്കുന്നു. 2028 ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും, കടുത്ത മത്സരമുള്ള ടീമിൽ അവസരം ലഭിച്ചാൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നാട്ടില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയത് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധശതകങ്ങള്‍ നേടി താരം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. എന്നാല്‍ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയൊരു ഫോം കണ്ടെഴ്ത്തലിന് ശേഷം, അടുത്തിടെ സമാപിച്ച സിംബാബ്വെ പര്യടനത്തിലുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല.
സഞ്ജുവിനെ തഴഞ്ഞതില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. ടീമില്‍ ഉള്‍പ്പെടാതെ പോയതിനെ കുറിച്ചും ഭാവിയെ കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ സഞ്ജു... ''2024-ലെ ലോകകപ്പിന് ശേഷം 2026-ലെ ലോകകപ്പില്‍ ഞാന്‍ കളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ 14 അല്ലെങ്കില്‍ 15 അംഗ സ്‌ക്വാഡില്‍ പോലും ഞാന്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് എനിക്ക് 2028-നെക്കുറിച്ച് ഇപ്പോള്‍ പദ്ധതിയിടുക? ടീമിന് എന്നെ ആവശ്യമുണ്ടെങ്കില്‍, ഞാന്‍ നന്നായി കളിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കും.'' സഞ്ജു പറഞ്ഞു.
സഞ്ജു തുടര്‍ന്നു... ''ടീമില്‍ സ്ഥാനം പിടിക്കാന്‍ വലിയ മത്സരം തന്നെയുണ്ട്. അത്രത്തോളം പ്രതിഭകളുണ്ട് രാജ്യത്ത്. 2026ലെ ടി20 ലോകകപ്പിന് മുന്‍പ് തന്നെ ഞാന്‍ ആ മത്സരങ്ങളുടെ ഭാഗമാകേണ്ടതില്ലെന്ന് തീരുമാനിച്ചു. എനിക്ക് കളി ആസ്വദിക്കണം. ദൈവകൃപയാല്‍ ഞാന്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ 31 വയസ്സായി, ഇനിയൊരു അഞ്ച് വര്‍ഷം കൂടി ബാക്കിയുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് ഞാന്‍ കളിക്കും, കളി ആസ്വദിക്കും, നല്ലൊരു ടീം അംഗമായിരിക്കും, ഒപ്പം ടീമിനെ പിന്തുണയ്ക്കുകയും ചെയ്യും.'' സഞ്ജു പറഞ്ഞു.
വിരാട് കോലിയുടെ ഫിറ്റ്‌നെസിനെ കുറിച്ചും സഞ്ജു സാംസാരിച്ചു... ''വിരാട് ഭായിയെ നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം എല്ലാവരോടും വളരെ വ്യക്തതയോടെയും തുറന്നുപറയുന്നയാളുമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് കൃത്യമായി എന്താണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞുതരും. ജിമ്മില്‍ അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്ന രീതി കാണുമ്പോള്‍ അവനില്‍ വേറിട്ടൊരു ഊര്‍ജ്ജം നമുക്ക് കാണാന്‍ സാധിക്കും. എനിക്ക് ആ ഗുണം വളരെ ഇഷ്ടമാണ്.'' സഞ്ജു പറഞ്ഞുനിര്‍ത്തി.

