ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ 33 പന്തിൽ 67 റൺസ് നേടിയ സഞ്ജു സാംസൺ ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചു. വിമർശകർക്ക് മറുപടി നൽകുന്നതിന് പകരം സ്വന്തം പ്രകടനത്തിലാണ് താൻ ശ്രദ്ധിക്കുന്നതെന്ന് സഞ്ജു വ്യക്തമാക്കി. അതേസമയം, പരിക്കേറ്റ ഇഷാൻ കിഷൻ രണ്ടാം ടി20യിൽ നിന്ന് പുറത്തായി.

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയമൊരുക്കിയത് മലയാളിതാരം സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മറുപടി നല്‍കുന്നതിനേക്കാള്‍ സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു പറഞ്ഞു. 225 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ ജയം നാല് വിക്കറ്റിനായിരുന്നു. ന്യൂസിലന്‍ഡിന്റെ 225 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയപ്പോള്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് സംശയമൊന്നും ഉണ്ടായിരുന്നില്ലെന്നും സഞ്ജു വ്യക്തമാക്കി.

ആറാം ഓവറില്‍ അഭിഷേക് ശര്‍മ്മ 29ല്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 93ല്‍ എത്തിയിരുന്നു. ഇതില്‍ അന്‍പതും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്. 33 പന്തില്‍ 67 റണ്‍സുമായി മടങ്ങുമ്പോള്‍ സഞ്ജു പറത്തിയത് എട്ട് ഫോറും നാല് സിക്‌സും. സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കും സംശയാലുക്കള്‍ക്കും സഞ്ജുവിന്റെ മറുപടി കൂടിയായിരുന്നു ആ ഇന്നിംഗ്‌സ്.

കിഷന് പരിക്ക്

വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിനിടയേറ്റ പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്ത്. ഒന്നാം ടി20 മത്സരത്തിനിടയില്‍ താരത്തിന് വലതു തുടയില്‍ ചെറിയ പരിക്കേറ്റതായി ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നില്‍ നില്‍ക്കെ, താരത്തിന്റെ പരിക്കിന്റെ പുരോഗതി ബിസിസിഐ മെഡിക്കല്‍ സംഘം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

ഇന്ത്യയുടെ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, പ്രിന്‍സ് യാദവ്, മയങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

YouTube video player