ദില്ലി: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തിയേക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ധവാന്‍ പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുലാവും ഓപ്പണറുടെ റോളിലെത്തുക. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. 

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലില്‍ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരത്തിന്റെ കാലില്‍ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. കാലില്‍ തുന്നലുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓപ്പണര്‍ ഷെയ്ന്‍ വാട്സണും സമാനരീതിയില്‍ പരിക്കേറ്റിരുന്നു.