Asianet News MalayalamAsianet News Malayalam

സഞ്ജു കാര്യവട്ടത്ത് കളിച്ചേക്കും, അതും ഓസ്‌ട്രേലിയക്കെതിരെ! ലോകകപ്പിന് ശേഷം താരത്തിന് കൂടുതല്‍ സാധ്യത

സൂര്യകുമാര്‍ യാദവ് ഒഴികെ പ്രധാന ബാറ്റര്‍മാര്‍ ഇല്ലാത്തതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. അഞ്ച്  മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ട്വന്റി 20 ആണ് തിരുവനന്തപുരത്ത് നടക്കുക.

Sanju Samson set play for indian t20 team after odi world cup 2020 saa
Author
First Published Oct 28, 2023, 5:13 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ അടുത്ത മാസം തിരുവനന്തപുരത്ത് കളിക്കാന്‍ സാധ്യതയേറി. ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. പരമ്പരയില്‍ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം, സ്റ്റേഡിയത്തിലും കളിക്കുന്നുണ്ട്. സ്വന്തം മണ്ണില്‍ സഞ്ജു സാംസണിനായി ആരവം ഉയര്‍ത്താന്‍ മലയാളി ആരാധകര്‍ക്കുള്ള അവസരം കുൂടിയാണിത്. ലോകകപ്പ് ഫൈനലിന് നാലു നാള്‍ കഴിഞ്ഞ് ഓസ്‌ട്രേലിയക്കെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐയില്‍ ധാരണയായി. 

സൂര്യകുമാര്‍ യാദവ് ഒഴികെ പ്രധാന ബാറ്റര്‍മാര്‍ ഇല്ലാത്തതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. അഞ്ച്  മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ട്വന്റി 20 ആണ് തിരുവനന്തപുരത്ത് നടക്കുക. ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജു അവസാനം ഇന്ത്യക്കായി കളിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ കളിച്ച റുതുരാജ് ഗെയ്കവാദ്, യഷസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ് എന്നിവരും ടീമിലെത്തിയേക്കും. 

സൂര്യകുമാറോ അല്ലെങ്കില്‍ റുതുരാജോ ടീമിന്റെ നായകനായേക്കും. അതേസമയം രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണ്‍ ഓസ്‌ട്രേലിയക്കെതിരായ പരന്പരയില്‍ മുഖ്യ പരിശീലകനാകുമെന്ന് സൂചനയുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരന്പരക്ക് ശേഷം ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും.

ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. മാത്യു വെയ്ഡാണ് ടീമിനെ നയിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന എട്ട് താരങ്ങള്‍ ടീമിലുണ്ട്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍ റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍ വെടിക്കെട്ട് ബാറ്റര്‍ ട്രാവിസ് ഹെഡ് എന്നിവര്‍ ടീമിലുണ്ട്. സീന്‍ അബോട്ട്, മാത്യു ഷോര്‍ട്ട്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീം: മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, സീന്‍ അബോട്ട്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, തന്‍വീര്‍ സംഘ, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാനെ വീഴ്ത്തി! ശേഷം ഹനുമാന്‍ സ്വാമിക്ക് നന്ദി പറഞ്ഞ് കേശവ് മഹാരാജ്
 

Follow Us:
Download App:
  • android
  • ios