നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കാനൊരുങ്ങുന്നു. ബിസിസിഐ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ 26, 28 തീയതികളിലാണ് മത്സരങ്ങള്‍. 

മുംബൈ: നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലേക്ക്. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ ഷെഡ്യൂള്‍ ബിസിസിഐ ശനിയാഴ്ച പുറത്തുവിട്ടു. ജൂലൈയില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ രണ്ട് ടി20 മത്സരങ്ങള്‍ കളിക്കുന്നത്. 2026-ലെ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടി20 പരമ്പരയാണിത്.

ഐപിഎല്‍ 2026-ന് ശേഷം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് തൊട്ടുപിന്നാലെയാകും ടീം ഇന്ത്യ അയര്‍ലന്‍ഡിലേക്ക് തിരിക്കുക. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ജൂണ്‍ 20-ന് അവസാനിക്കും. അതിനുശേഷം ജൂണ്‍ 26-നാണ് അയര്‍ലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വാര്‍ത്താകുറിപ്പില്‍ ബിസിസിഐ പറയുന്നതിങ്ങനെ... ''സീനിയര്‍ പുരുഷ ടീം 2026 ജൂണില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി അയര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യും. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് തവണ (2018, 2022, 2023) ഇന്ത്യ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, 2007-ന് ശേഷം ആദ്യമായാണ് ബെല്‍ഫാസ്റ്റില്‍ മത്സരം കളിക്കുന്നത്.'' ബിസിസിഐ വ്യക്തമാക്കി.

അയല്‍ലന്‍ഡ് പോലെ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഇന്ത്യ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാറുണ്ട്. കഴിഞ്ഞ തവണ ജസ്പ്രിത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. സഞ്ജു സാംസണും അന്ന് ടീമിലുണ്ടായിരുന്നു. ഇത്തവണയും യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. അഭിഷേക് ശര്‍മയ്ക്ക് പകരം യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും. സഞ്ജു ക്യാപ്റ്റനാകാനും സാധ്യത ഏറെയാണ്. പരിചയസമ്പത്ത് മുന്‍നിര്‍ത്തി സഞ്ജുവിനെ പരിഗണിച്ചേക്കും.

അയര്‍ലന്‍ഡിന്റെ തിരക്കേറിയ സീസണ്‍

ന്യൂസിലന്‍ഡിനെതിരായ ചരിത്രപരമായ ടെസ്റ്റ് മത്സരമാണ് ഈ സീസണില്‍ അയര്‍ലന്‍ഡിനെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന പോരാട്ടം. അതിന് പിന്നാലെയാണ് ഇന്ത്യയുടെ പര്യടനം. ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനുമായി അഞ്ച് ഏകദിനങ്ങളും അയര്‍ലന്‍ഡ് കളിക്കുന്നുണ്ട്. കൂടാതെ നേപ്പാള്‍, യുഎഇ പര്യടനങ്ങള്‍ക്ക് ശേഷം 2027 ആദ്യം പാകിസ്ഥാനിലേക്കും അയര്‍ലന്‍ഡ് യാത്ര തിരിക്കും.

ഇന്ത്യ - അയര്‍ലന്‍ഡ് പരമ്പര

ഒന്നാം ടി20 ജൂണ്‍ 26, വെള്ളിയാഴ്ച്ച - രാത്രി 7:30

രണ്ടാം ടി20ജൂണ്‍ 28, ഞായറാഴ്ച്ച - 7:30

YouTube video player