മുംബൈ: മലയാളി താരം സഞ്ജു സാംസണ് വൈകാതെ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ജനുവരി ആദ്യം ഇന്ത്യ ഏതാനും ടി20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ശ്രീലങ്കക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരങ്ങള്‍ ഇനിയുമുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. ജനുവരി അഞ്ചു മുതലാണ് ശ്രീലങ്കക്കെതിരായ മൂന്ന് ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുക.

ലോകകപ്പിന് മുമ്പ് ഇന്ത്യ ഫീല്‍ഡീംഗ് മെച്ചപ്പെടുത്തമമെന്നും ഗവാസ്കര്‍ പറഞ്ഞു. കനത്ത മഞ്ഞു വീഴ്ച മൂലം ഫീല്‍ഡര്‍മാര്‍ക്ക് പന്തില്‍ ഗ്രിപ്പ് കിട്ടാത്തതും ഇന്ത്യയുടെ ഫീല്‍ഡീംഗ് മോശമാവാന്‍ കാരണമായെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇടം പിടിച്ച സഞ്ജുവിന് മൂന്ന് മത്സര പരമ്പരയിലെ ഒറ്റ മത്സരത്തില്‍ പോലും അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ആദ്യം സഞ്ജു ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശിഖര്‍ ധവാന് പരിക്കേറ്റതോടെ പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.