2026 ടി20 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ, ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു.
അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിന്റെ താരമായി സഞ്ജു സാംസണ്‍. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്‌സും നേടി. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു. നിര്‍ണായക മത്സരങ്ങൡലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സഞ്ജിലെ ലോകകപ്പിലെ താരമാക്കിയത്.
ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായും സഞ്ജു മാറി. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 24 സിക്‌സുകളാണ് നേടിയത്. ഇത്രയും സിക്‌സുകള്‍ ഒരു ലോകകപ്പിലും ഒരു താരവും നേടിയിട്ടില്ല. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ രണ്ടാം സ്ഥാനത്താണ്. 20 സിക്‌സുകളാണ് അലന്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (19), പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ (18), ഇഷാന്‍ കിഷന്‍ (18) എന്നിവര്‍ പിന്നിലുണ്ട്. എല്ലാവും ഈ ലോകകപ്പിലാണ് ഇത്രയും സിക്‌സുകള്‍ നേടിയത്. നിക്കോളാസ് പുരാന്‍ (17), ക്രിസ് ഗെയ്ല്‍, റഹ്മാനുള്ള ഗുര്‍ബാസ് (16), മാര്‍ലോണ്‍ സാമുവല്‍സ്, ഷെയ്ന്‍ വാട്‌സണ്‍, ട്രാവിസ് ഹെഡ്, രോഹിത് ശര്‍മ (15) എന്നിവരെല്ലാം സഞ്ജുവിന് പിന്നിലുണ്ട്്.
അതേസമയം, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കിയിരുന്നു. വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു നേടിയത്. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇതോടെയാണ് കോലിയെ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പില്‍ 319 റണ്‍സ് കോലി നേടിയിരുന്നു.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതാണ് സഞ്ജു. ഒമ്പത് മത്സരങ്ങളില്‍ 317 റണ്‍സ് നേടിയ കിഷനാണ് രണ്ടാം സ്ഥാനത്ത്. 77 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. 35.22 ശരാശരിയും 193.29 സ്‌ട്രൈക്ക് റേറ്റും കിഷനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും കിഷന്റെ അക്കൗണ്ടിലായി. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങില്‍ 242 റണ്‍സാണ് സൂര്യ നേടിയത്.

