Asianet News MalayalamAsianet News Malayalam

ഇതെല്ലാം സീനിയേഴ്‌സ് വെട്ടിത്തുറന്ന പാത! പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തിന് ശേഷം അഭിമാനം കൊണ്ട് സഞ്ജു

ദുഷ്‌കരമായ പിച്ചിലും ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനായി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 

Sanju Samson won player of the match award after century against south africa
Author
First Published Dec 22, 2023, 12:51 AM IST

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മത്സരത്തിലെ താരമായി സഞ്ജു സാംസണ്‍. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് സഞ്ജുവിന്റെ സെഞ്ചുറി (108) ആയിരുന്നു. ദുഷ്‌കരമായ പിച്ചിലും ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനായി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 

ടീമിനെ വിജയിപ്പിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് സഞ്ജു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍... ''പ്രകടനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ഫലം കൂടി കണക്കിലെടുക്കുമ്പോള്‍. കഴിഞ്ഞ കുറേ മാസങ്ങളായി ഏറെ കഠിനാധ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ഇന്നിംഗ്‌സില്‍ ഏറെ സന്തോഷമുണ്ട്. വിക്കറ്റും ബൗളറുടെ മാനസികാവസ്ഥയും മനസ്സിലാക്കാന്‍ ഏകദിന ഫോര്‍മാറ്റ് കുറച്ച് അധിക സമയം നല്‍കുന്നു. ടോപ് ഒാര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍ 10-20 അധിക പന്തുകള്‍ ലഭിക്കും.'' സഞ്ജു പറഞ്ഞു. 

തിലക് വര്‍മയെ കുറിച്ചും സഞ്ജു സംസാരിച്ചു. ''തിലക് വര്‍മ നന്നായി കളിച്ചു. തിലകിന്റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു, അദ്ദേഹത്തില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. സീനിയേഴ്സ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്തി, ജൂനിയേഴ്‌സ് അവരുടെ പാത പിന്തുടരുന്നു. ഇടയില്‍ യാത്ര ചെയ്യുകയും ഓരോ 2-3 ദിവസം കളിക്കുകയും ചെയ്യുന്നു, ഇതൊരിക്കലും അനായാസ കാര്യം അല്ലായിരുന്നു.'' സഞ്ജു വ്യക്തമാക്കി.

നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു.

മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഇടഞ്ഞുതന്നെ! രോഹിത്തിന് പിന്നാലെ ട്രേഡിലൂടെ ടീം മാറാനൊരുങ്ങി ടീമിലെ പ്രമുഖര്‍

Latest Videos
Follow Us:
Download App:
  • android
  • ios