ലണ്ടന്‍: മാനസിക സമ്മര്‍ദംമൂലം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പിന്തുണയുമായി ഇതിഹാസ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ സാറ ടെയ്‌ലര്‍. മാക്‌സ്‌വെല്‍ സുഖംപ്രാപിക്കാന്‍ ആശംസകള്‍ നേരുന്നതായി സാറ ട്വീറ്റ് ചെയ്തു. മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച താരം കൂടിയാണ് സാറ ടെയ്‌ലര്‍.

ആരാധകരെ ഞെട്ടിച്ച് മാക്‌സ്‌വെല്ലിന്‍റെ പ്രഖ്യാപനം

മാനസിക ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയാണ് മാക്‌സ്‌വെല്ലിന്റെ പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 'മനസിന് സുഖമില്ലാതെ മാക്‌സ്‌വെല്‍ വല്ലാതെ ഭാരപ്പെടുകയാണ്. സന്തോഷം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ സപ്പോര്‍ട്ട് സ്റ്റാഫും സഹതാരങ്ങളും മാക്‌സ്‌വെല്ലിന് ഒപ്പമുണ്ടാകും'- ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദീകരിച്ചു.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ 28 പന്തില്‍ 62 റൺസടിച്ച് മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ആരാധകരെ അമ്പരപ്പിച്ച് മാക്‌സ്‌വെല്‍ പിന്‍വാങ്ങുന്നത്. ടീമിനൊപ്പമുള്ള യാത്രകളില്‍ കടുംബത്തിൽ നിന്ന് അകന്നു, ഹോട്ടൽമുറികളില്‍ തനിച്ചാകുമ്പോള്‍ കടുത്ത വിഷാദം അനുഭവപ്പെടാറുള്ളതായി മാക്‌സ്‌വെല്‍ അടുത്തിടെ പറഞ്ഞിരുന്നു.

സാറ ടെയ്‌ലറിന് അറിയാം ആ ദുഖം

കഴിഞ്ഞ മാസമാണ് സാറ ടെയ്‌ലര്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. അമിതമായ ഉത്‌ക്കണ്‌ഠ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മത്സരങ്ങളെ ബാധിക്കുന്നതാണ് താരത്തിന്‍റെ വിരമിക്കലിന് പിന്നിലെ കാരണം. 'സങ്കീര്‍ണമായ തീരുമാനമാണിത്, എന്നാല്‍ ഉചിതമായ സമയത്താണ് തീരുമാനം കൈക്കൊള്ളുന്നത് എന്നാണ് വിശ്വാസം' എന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് സാറയുടെ വാക്കുകള്‍. 

ഇംഗ്ലണ്ടിനായി 2006ല്‍ അരങ്ങേറിയ സാറ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 6,553 റണ്‍സാണ് സാറ സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനായി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20കളും കളിച്ചു. വനിത ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പറായും പേരെടുത്ത സാറ 232 താരങ്ങളെ പുറത്താക്കിയിട്ടുണ്ട്.