സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രം സര്‍ഫറാസിന്റെ ഭാര്യ ഖുഷ്ബക്ത് സര്‍ഫറാസും ഏറ്റെടുത്തുവെന്നുള്ളതാണ് ഇതിലെ രസകരമായ കാര്യം.

സതാംപ്ടണ്‍: കോട്ടുവായ് ഇട്ടതിന് ആദ്യമായി പരിഹസിക്കപ്പെട്ട ക്രിക്കറ്റ് താരം മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദായിരിക്കും. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പിംഗിനിടെയാണ് സര്‍ഫറാസ് കോട്ടുവായിട്ടത്. ദൃശ്യം ക്യാമറാമാന്‍ ഒപ്പിയതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. താരത്തിനെതിരെ ട്രോളുകള്‍ വന്നു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സമാന സംഭവമുണ്ടായി. ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസ് കളിച്ചിരുന്നില്ല. എന്നാല്‍ താരത്തിന്റെ കോട്ടുവായ് വീണ്ടും പരിഹസിക്കപ്പെട്ടു.

എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ഫറാസിന് കൂട്ടിന് ഒരാളെകൂടി കിട്ടിയിട്ടുണ്ട്. മറ്റാരുമല്ല, ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രം സര്‍ഫറാസിന്റെ ഭാര്യ ഖുഷ്ബക്ത് സര്‍ഫറാസും ഏറ്റെടുത്തുവെന്നുള്ളതാണ് ഇതിലെ രസകരമായ കാര്യം. ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഖുഷ്ബക്ത് 'ഇതിഹാസങ്ങള്‍ ഇങ്ങനെയാണ്...' എന്നുള്ള കുറിപ്പും നല്‍കിയിട്ടുണ്ട്.

Scroll to load tweet…

ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരത്തിനെടാണ് സംഭവം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 7.5 ഓവറില്‍ 69/0 എന്ന നിലയില്‍ ഇരിക്കെ ടെലിവിഷന്‍ ക്യാമറകള്‍ ഓസ്‌ട്രേലിയ ഡ്രസ്സിംഗ് റൂമിലേക്ക് നീങ്ങി. ഇതിനിടെ സ്മിത്ത് കോട്ടുവായിട്ടത് ക്യാമറയില്‍ പതിയുകയായിരുന്നു.