ഇക്കുറി രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ രണ്ടാംദിനം 24കാരനായ താരം മുംബൈക്കായി 134 റണ്‍സ് നേടിയിരുന്നു
ബെംഗളൂരു: രഞ്ജി ട്രോഫിയില്‍(Ranji Trophy) കഴിഞ്ഞ രണ്ട് സീസണുകളിലായി റണ്‍മഴ പെയ്യിക്കുന്ന ബാറ്റിംഗ് മെഷീന്‍ സർഫറാസ് ഖാനെ(Sarfaraz Khan) ബംഗ്ലാദേശിനെതിരായ(India vs Bangladesh Test Series) രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ടീമിലെടുത്തേക്കുമെന്ന് റിപ്പോർട്ട്. ബിസിസിഐ(BCCI) വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. രഞ്ജി ട്രോഫി ഫൈനലില്‍(Ranji Trophy Final) കഴിഞ്ഞ ദിവസവും ശതകം നേടി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സർഫറാസ്.
'സർഫറാസ് ഖാനെ അവഗണിക്കുക സാധ്യമല്ല. താരത്തിന്‍റെ മികവ് പ്രകടനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലെ പല താരങ്ങള്‍ക്കും സർഫറാസിന്‍റെ ഫോമൊരു ഭീഷണിയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരത്തെ സെലക്ടർമാർ പരിഗണിച്ചേക്കാം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എയ്ക്കായി താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മികച്ച ഫീല്‍ഡർ കൂടിയാണ് സർഫറാസ്' എന്നും ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇക്കുറി രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ രണ്ടാംദിനം 24കാരനായ താരം മുംബൈക്കായി 134 റണ്‍സ് നേടിയിരുന്നു. ഈ രഞ്ജി സീസണില്‍ സർഫറാസിന്‍റെ നാലാം ശതകമാണിത്. സീസണിലെ ആറ് മത്സരങ്ങളില്‍ 133.85 ബാറ്റിംഗ് ശരാശരിയോടെ താരം 937 റണ്‍സ് നേടിക്കഴിഞ്ഞു. നാല് സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. തുടർച്ചയായ രണ്ടാം സീസണിലാണ് താരം 900ത്തിലധികം റണ്‍സ് സ്കോർ ചെയ്യുന്നത്. 2019-20 രഞ്ജി സീസണില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളോടെ 154.66 ശരാശരിയില്‍ താരം 928 റണ്‍സ് നേടിയിരുന്നു. അജയ് ശർമ്മയും വസീം ജാഫറും മാത്രമാണ് മുമ്പ് രണ്ട് രഞ്ജി സീസണില്‍ 900 റണ്‍സ് കടമ്പ പിന്നിട്ടിട്ടുള്ളൂ.
രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിംഗ്സില്‍ മോശമല്ലാത്ത സ്കോർ പടുത്തുയർത്തിയത് സർഫറാസിന്‍റെ സെഞ്ചുറി മികവിലായിരുന്നു. 243 പന്ത് നേരിട്ട സർഫറാസ് 13 ഫോറും രണ്ട് സിക്സും സഹിതം 134 റണ്‍സെടുത്തു. ഇതോടെ മുംബൈ 127.4 ഓവറില്‍ 374-10 എന്ന സ്കോറിലെത്തി. 78 റണ്‍സെടുത്ത ഓപ്പണർ യശ്വസി ജയ്സ്വാളാണ് മുംബൈയുടെ രണ്ടാമത്തെ ടോപ് സ്കോറർ. ക്യാപ്റ്റന്‍ പൃഥ്വി ഷാ 47 റണ്‍സ് നേടി. മധ്യപ്രദേശിനായി ഗൌരവ് യാദവ് നാലും അനുഭവ് അഗർവാള്‍ മൂന്നും സരാന്‍ഷ് ജെയ്ന്‍ രണ്ടും കുമാർ കാർത്തികേയ ഒന്നും വിക്കറ്റ് നേടി.
