Asianet News MalayalamAsianet News Malayalam

ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്രക്ക് രഞ്ജി കിരീടം

അവസാന ദിനം അനുസ്തൂപ് മജൂംദാറിന്റെ ബാറ്റിലായിരുന്നു ബംഗാളിന്റെ കിരീട പ്രതീക്ഷകള്‍. എന്നാല്‍ 63 റണ്‍സെടുത്ത മജൂംദാറിനെ സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ബംഗാളിന്റെ പോരാട്ടം അവസാനിച്ചു.

Saurashtra win maiden Ranji Trophy title
Author
Rajkot, First Published Mar 13, 2020, 5:32 PM IST

രാജ്കോട്ട്: ബംഗാളിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്രക്ക് രഞ്ജി കിരീടം. ഇതാദ്യമായാണ് രഞ്ജിയില്‍ സൗരാഷ്ട്ര കിരീടം നേടുന്നത്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 425 റണ്‍സിന് മറുപടിയായി അവസാന ദിവസം ബംഗാള്‍ 381 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ സൗരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തതോടെ മത്സരം സമനിലയില്‍ ആയി. ഇതോടെയാണ് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്ര 73 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രഞ്ജി കിരീടം നേടിയത്. സ്കോര്‍ സൗരാഷ്ട്ര 425, 105/4, ബംഗാള്‍ 381.

അവസാന ദിനം അനുസ്തൂപ് മജൂംദാറിന്റെ ബാറ്റിലായിരുന്നു ബംഗാളിന്റെ കിരീട പ്രതീക്ഷകള്‍. എന്നാല്‍ 63 റണ്‍സെടുത്ത മജൂംദാറിനെ സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ബംഗാളിന്റെ പോരാട്ടം അവസാനിച്ചു. മജൂംദാറിനൊപ്പം പൊരുതി നിന്ന അര്‍നാബ് നന്ദി 40 റണ്‍സുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രക്കായി ധര്‍മേന്ദ്ര സിംഗ് ജഡേജ മൂന്നും ഉനദ്ഘട്ട്, പ്രേരക് മങ്കാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

കിരീടം ഉറപ്പിച്ച് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ സൗരാഷ്ട്ര മുട്ടിനിന്നതോടെ ബംഗാളിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. മുമ്പ് മൂന്ന്തവണ ഫൈനല്‍ കളിച്ചിട്ടും കൈവിട്ട കിരീടമാണ് സൗരാഷ്ട്ര ഒടുവില്‍ കൈപ്പിടിയിലൊതുക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയും(66), അര്‍പിത് വാസവദയും(106) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് സൗരാഷ്ട്രയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്.

Follow Us:
Download App:
  • android
  • ios