അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് സ്‌കോട്ട്‌ലന്‍ഡും യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ യുഎഇയെ 90 റണ്‍സിന് തകര്‍ത്താണ് സ്‌കോട്ട്‌ലന്‍ഡ് യോഗ്യത ഉറപ്പാക്കിയത്.

ദുബായ്: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് സ്‌കോട്ട്‌ലന്‍ഡും യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ യുഎഇയെ 90 റണ്‍സിന് തകര്‍ത്താണ് സ്‌കോട്ട്‌ലന്‍ഡ് യോഗ്യത ഉറപ്പാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ യുഎഇ 18.3 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. നേരത്തെ പാപുവ ന്യൂ ഗിനിയ, നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ്, നമീബിയ എന്നീ ടീമുകള്‍ യോഗ്യത ഉറപ്പാക്കിയിരുന്നു.

മാര്‍ക് വാട്ട്, സഫ്യാന്‍ ഷരീഫ് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് സ്‌കോട്ട്‌ലന്‍ഡിന് അനായാസജയം സമ്മാനിച്ചത്. 34 റണ്‍സെടുത്ത റമീസ് ഷെഹ്‌സാദിന് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. നേരത്തെ ജോര്‍ജ് മണ്‍സിയുടെ (43 പന്തില്‍ 65) മികച്ച പ്രകടനമാണ് സകോട്ട്‌ലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റിച്ചി ബോറിംഗ്ടണ്‍ (18 പന്തില്‍ 48), കെയ്ല്‍ കോട്‌സര്‍ (34) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. യുഎഇക്കായി റോഷന്‍ മുസ്തഫ രണ്ട് വിക്കറ്റെടുത്തു.