ദില്ലി: ടി20 ലോകകപ്പിലെ വിജയികളെ പ്രഖ്യാപിക്കുക അസാധ്യമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഈ വര്‍ഷാവസാനം ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. കുട്ടിക്രിക്കറ്റില്‍ ഒരു താരം വിചാരിച്ചാല്‍ മത്സരഫലം മാറ്റാമെന്നാണ് സെവാഗ് പറയുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ തുടര്‍ന്നു. ''ടി20 ഫോര്‍മാറ്റില്‍ ജേതാക്കളെ പ്രവചിക്കുക എളുപ്പമുള്ള കാര്യമല്ല. ഒരുതാരം വിചാരിച്ചാല്‍ മത്സരഫലം മാറ്റാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പ്രവചനം അസാധ്യമാണ്. 

ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തുന്നത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും. പാണ്ഡ്യയുടെ മടങ്ങിവരവ് ടീമില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ആ നിലവാരത്തിലുള്ള ഒരു ഓള്‍റൗണ്ടര്‍ ഏതൊരു ക്രിക്കറ്റ് ടീമും കൊതിക്കും.'' സേവാഗ് പറഞ്ഞു. 

കോലിയുടെ മോശം ഫോം കാര്യമാക്കേണ്ടെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സ്റ്റീവ് വോ, ജാക്വസ് കാലിസ്,  റിക്കി പോണ്ടിംഗ് എന്നിവരെല്ലാം ഇങ്ങനെയൊരു കാലഘട്ടത്തിലൂടെ കടന്നുപോയവരാണ്. അവരെപോലെ കോലിക്കും ഈ ഫോമിലില്ലായ്മ മറികടക്കാനാവുമെന്നും സെവാഗ് പറഞ്ഞു.