ഈ അഭിനവ പുണ്യാളനെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. ഒരുമിച്ച് കളിച്ചിരുന്നപ്പോള്‍ ആസ്വദിച്ചു കളിച്ചിരുന്നെങ്കിലും അഫ്രീദിക്ക് ഒരു രാഷ്ട്രീയക്കാരനാവാനുള്ള പ്രതിഭയുണ്ടെന്ന് അന്നേ മനസിലായതാണ്.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാദിഹ് അഫ്രീദിയുടെ ആത്മകഥയിലെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് തുറന്നടിച്ച് മുന്‍ സഹതാരം ഇമ്രാന്‍ ഫര്‍ഹത്ത്. അഫ്രീദി സ്വാര്‍ത്ഥനാണെന്നും സ്വന്തം നേട്ടത്തിനായി ഒരുപാട് കളിക്കാരുടെ കരിയര്‍ നശിപ്പിച്ചവനാണെന്നും ഫര്‍ഹത്ത് പറഞ്ഞു. ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അടക്കം നിരവധി താരങ്ങളെക്കുറിച്ച് അഫ്രീദി തന്റെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ മോശമായി പരമാര്‍ശിച്ചിരുന്നു.

സ്വന്തം പ്രായത്തിന്റെ കാര്യത്തില്‍ പോലം 20 വര്‍ഷമായി കള്ളം പറയുന്നൊരാള്‍ പാക്കിസ്ഥാന്റെ ഇതിഹാസ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നാണക്കേടാണെന്നും ഫര്‍ഹത്ത് പ്രതികരിച്ചു. ജാവേദ് മിയാന്‍ദാദ്, വഖാര്‍ യൂനിസ് തുടങ്ങിയ മുന്‍ പാക് താരങ്ങള്‍ക്കെതിരെയും അഫ്രീദിയുടെ പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.

സ്വന്തം താല്‍പര്യത്തിനായി ഒരുപാട് കളിക്കാരുടെ കരിയര്‍ നശിപ്പിച്ച അഫ്രീദിക്കെതിരെ എല്ലാ കളിക്കാരും പ്രതികരിക്കാന്‍ തയാറാവണമെന്നും ഫര്‍ഹത്ത് ആവശ്യപ്പെട്ടു. പാക്കിസ്ഥാനുവേണ്ടി 40 ടെസ്റ്റിലും 58 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് 36കാരനായ ഫര്‍ഹത്ത്. അതിനിടെ അഫ്രീദിയുടെ പുസ്തകത്തിന്റെ വില്‍പന തടയണമെന്ന് ആവശ്യപ്പെട്ട് പാക് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.