അഫ്ഗാനെതിരായ പരമ്പര; സീനിയേഴ്സിന് വിശ്രമം; ഹാര്‍ദ്ദിക് നയിക്കും; സഞ്ജുവിനും സാധ്യത
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ നടക്കേണ്ട അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കാരുടെ ജോലിഭാരം കണക്കിലെടുത്ത് പൂര്‍ണമായും റദ്ദാക്കുന്ന കാര്യമാണ് ബിസിസിഐ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് രണ്ടാം നിര താരങ്ങളെ അയച്ച് പരമ്പര നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മുംബൈ: അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം നടക്കേണ്ട അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളെ അയക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്ന വിരാട് കോലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാല്‍ ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍, റിങ്കു സിംഗ്, തിലക് വര്‍മ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ ടീം അരങ്ങേറ്റത്തിന് അവസരം ഒക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണും അഫ്ഗാനിസ്ഥാനെതിരായ പരമ്പരക്കുള്ള ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ നടക്കേണ്ട അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കാരുടെ ജോലിഭാരം കണക്കിലെടുത്ത് പൂര്‍ണമായും റദ്ദാക്കുന്ന കാര്യമാണ് ബിസിസിഐ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് രണ്ടാം നിര താരങ്ങളെ അയച്ച് പരമ്പര നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ജൂലൈയില്‍ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരക്കായി ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുന്നുണ്ട്. വിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ഇതിന് പിന്നാലെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇന്ത്യന്‍ ടീം കളിക്കും.
ഈ സാഹചര്യത്തില്‍ കളിക്കാരുടെ ജോലി ഭാരം കുറക്കാന്‍ ഐപിഎല്ലിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ നടക്കുന്ന അഫ്ഗാനെതിരായ ഏകദിന പരമ്പര റദ്ദാക്കുക എന്നതായിരുന്നു ബിസിസിഐയുടെ മുന്നിലുള്ള വഴി. എന്നാല്‍ ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ നിരവധി യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ കഴിയുമെന്നതിനാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ ബിസിസിഐ തീരുമാനിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റുതുരാജ് ഗെയ്‌ക്‌വാദ്, ജിതേഷ് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീമിനെ അയക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. വിന്‍ഡീസ് പര്യടനത്തിനുശേഷം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് ഹാര്‍ദ്ദിക്കിന് വിശ്രമം നല്‍കും. അതേസമയം, ഡിസ്നി ഹോട്സ്റ്റാറുമായുള്ള ബ്രോഡ്കാസ്റ്റിംഗ് കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ പുതിയ കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് പരമ്പര സാധ്യമാവുമോ എന്ന വെല്ലുവിളിയും ബിസിസിഐക്ക് മുന്നിലുണ്ട്. കരാര്‍ സാധ്യമായില്ലെങ്കില്‍ താല്‍ക്കാലിക ബ്രോഡ്കാസ്റ്റര്‍മാരെ കണ്ടെത്തി പരമ്പര നടത്താനാവും ബിസിസിഐ ശ്രമിക്കുക.
ധോണി ചെയ്താല്‍ ഓഹോ, എന്നാല്‍ അതേ കാര്യം രോഹിത് ചെയ്താലോ...; തുറന്നു പറഞ്ഞ് ഗവാസ്കര്‍