ടെസ്റ്റില്‍ അഞ്ച് വിക്കറ്റും ജഡേജ സ്വന്തമാക്കി. പരിക്ക് ഗുരുതരമാണെങ്കില്‍ ജഡേജ വിശദമായ ചികിത്സയ്ക്കായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകും.
ഹൈദരാബാദ്: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പിന്നാലെ കനത്ത തിരിച്ചടി. ഹൈദരാബാദില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ടോപ് സ്‌കോററായിരുന്ന രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റില്‍ കളിക്കാനിടയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ റണ്‍സിനായി ഓടുന്നതിനിടെ ജഡേജയുടെ കാലിന്റെ മസിലിന് പരിക്കേല്‍ക്കുകയായിരുന്നു. ബെന്‍ സ്റ്റോക്‌സ് റണ്ണൌട്ടാക്കിയ പന്തിലായിരുന്നു ജഡേജയ്ക്ക് പരിക്കേറ്റത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക.
ആദ്യ ഇന്നിംഗ്‌സില്‍ 87 റണ്‍സെടുത്ത ജഡേജയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടെസ്റ്റില്‍ അഞ്ച് വിക്കറ്റും ജഡേജ സ്വന്തമാക്കി. പരിക്ക് ഗുരുതരമാണെങ്കില്‍ ജഡേജ വിശദമായ ചികിത്സയ്ക്കായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകും. അതേസമയം, ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാര്‍ട്ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഒന്നാം ഇന്നിംഗ്സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു. 230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ നേടി. 196 റണ്‍സ് നേടിയ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നല്‍കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആര്‍ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 246ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 436 റണ്‍സാണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
