ദിയോദര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി കേരള സ്പിന്നര്‍ ജലജ് സക്‌സേന. ഇന്ത്യ സിക്കായി കളിക്കുന്ന സക്‌സേന ഇന്ത്യ എയ്‌ക്കെതിരെ ഏഴ് വിക്കറ്റ് പ്രകടനം നടത്തി.
റാഞ്ചി: ദിയോദര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി കേരള സ്പിന്നര്‍ ജലജ് സക്‌സേന. ഇന്ത്യ സിക്കായി കളിക്കുന്ന സക്‌സേന ഇന്ത്യ എയ്‌ക്കെതിരെ ഏഴ് വിക്കറ്റ് പ്രകടനം നടത്തി. സക്‌സേനയുടെ ബൗളിങ് കരുത്തില്‍ ഇന്ത്യ സി 232 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ സി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (143), മായങ്ക് അഗര്‍വാള്‍ (120) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സക്‌സേനയുടെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന ഇന്ത്യ എ 29.5 ഓവറില്‍ 134ന് എല്ലാവരും പുറത്തായി. മലയാളി താരം വിഷ്ണു വിനോദിന് 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.
31 റണ്‍സ് നേടിയ മലയാളി തരാം ദേവ്ദത്ത് പടിക്കലാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറര്‍. ഭാഗവര്‍ മെരയ് (30) ഭേദപ്പട്ട പ്രകടനം പുറത്തെടുത്തു. മറ്റൊര്‍ക്കും തിളങ്ങാനായില്ല. ഇരുവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെ ഇഷാന്‍ കിഷന്‍ (25), ആര്‍ അശ്വിന്‍ (1), ജയദേവ് ഉനദ്ഘട് (2), രവി ബിഷ്‌നോയ് (13), സിദ്ധാര്‍ത്ഥ് കൗള്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് സക്‌സേന നേടിയത്.
ആറ് സിക്‌സിന്റെയും പത്ത് ഫോറിന്റെയും അകമ്പടിയോടെയാണ് ഗില്‍ 143 റണ്‍സ് നേടിയത്. മായങ്ക് 15 ഫോറും ഒരു സിക്‌സും നേടി. ഇരുവരും ഒന്നാം വിക്കറ്റില്‍ 226 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൂര്യകുമാര്‍ യാദവ് (29 പന്തില്‍ പുറത്താവാതെ 72) വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ദിനേശ് കാര്‍ത്തിക് (5) പുറത്താവാതെ നിന്നു. പ്രിയം ഗാര്‍ഗാ (16)ണ് പുറത്തായ മറ്റൊരു താരം. ഹനുമ വിഹാരി, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
