ഐസിസി വനിതാ ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ. 

ദുബായ്: ഐസിസി വനിതാ ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 176 റണ്‍സ് നേടിയ ഷെഫാലി പുതിയ റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്തേക്കുയര്‍ന്നു. 655 റേറ്റിംഗ് പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സ്മൃതി മന്ദാനയാണ് ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍താരം. സ്മൃതിക്ക് 767 റേറ്റിംഗ് പോയിന്റാണുളളത്. 794 പോയിന്റുളള ഓസ്‌ട്രേലിയന്‍ താരം ബേത്ത് മൂണിയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ജെമിമ റോഡ്രിഗസ് പതിനാലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പതിനഞ്ചും സ്ഥാനത്താണ്. ബൗളര്‍മാരില്‍ ഒരു സ്ഥാനം നഷ്ടമായ ദീപ്തി ശര്‍മ്മ മൂന്നാം റാങ്കിലേക്ക് വീണു. പാകിസ്ഥാന്‍ താരം സാദിയ ഇഖ്ബാല്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷെഫാലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വനിതാ ഇന്ത്യ എ ക്രിക്കറ്റ് ടീമിലും ഷെഫാലി ഇടം നേടിയിട്ടുണ്ട്. ഓഗസ്റ്റ് ഏഴ് മുതല്‍ 24 വരെ നടക്കുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനവും ഒരു ചതുര്‍ദിന മത്സരവുമാണുള്ളത്.

ടി20 സ്‌ക്വാഡ്: രാധാ യാദവ് (ക്യാപ്റ്റന്‍), മിന്നു മണി (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, വൃന്ദ ദിനേഷ്, സജന സജീവന്‍, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), രാഘ്വി ബിഷ്റ്റ്, ശ്രേയങ്ക പാട്ടീല്‍, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പര്‍), തനൂജ കന്‍വര്‍, ജോഷിത, ഷബ്നം ഷക്കീല്‍, സൈമ താക്കൂര്‍, തിദാസ് സധു.

ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ്: രാധ യാദവ് (ക്യാപ്റ്റന്‍), മിന്നു മണി (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, തേജല്‍ ഹസബ്നിസ്, രാഘ്വി ബിഷ്റ്റ്, തനുശ്രീ സര്‍ക്കാര്‍, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), പ്രിയ മിശ്ര, തനൂജ കന്‍വര്‍, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പര്‍), ധാരാ ഗുജ്ജര്‍, ജോഷിത, ഷബ്നം ഷക്കീല്‍, സൈമ താക്കൂര്‍, തിദാസ് സധു.

YouTube video player