സൂറത്ത്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഷഫാലി വർമ്മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ അരങ്ങേറ്റം നടത്തുമ്പോൾ 15 വയസ്സും 239 ദിവസവുമാണ് ഷഫാലിയുടെ പ്രായം. 1978ൽ പതിനാലാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച ഗാർഗി ബാനർജിയാണ് ഇന്ത്യയുടെ പ്രായം കുറഞ്ഞതാരം. എന്നാല്‍ ടി20യില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി റെക്കോര്‍ഡിട്ടു ഷഫാലി.  

ആഭ്യന്തര ക്രിക്കറ്റിൽ ആറ് സെഞ്ചുറിയും മൂന്ന് സെഞ്ചുറിയുമടക്കം 1923 റൺസ് നേടിയാണ് ഫഫാലി ഇന്ത്യൻ സീനിയർ‍ ടീമിലെത്തിയത്. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ കൗമാരതാരം പൂജ്യത്തിന് പുറത്തായി. ഓപ്പണാറായി ഇറങ്ങിയ താരം നാലാം പന്തിലാണ് പുറത്തായത്. ഹരിയാനയിലെ റോത്തക് സ്വദേശിയാണ് ഫഷാലി.

ഇതിഹാസ താരം മിതാലി രാജിന്‍റെ പകരക്കാരിയായാണ് ഷഫാലി ടീമിലെത്തിയത്. ഇന്‍റര്‍ സ്റ്റേറ്റ് വുമണ്‍ ടി20യില്‍ 2018-19 സീസണില്‍ പുറത്തെടുത്ത വെടിക്കെട്ട് ഷഫാലിയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. നാഗാലാന്‍ഡിനെതിരെ 56 പന്തില്‍ 128 റണ്‍സാണ് അന്ന് ഷഫാലി അടിച്ചുകൂട്ടിയത്. ജയ്‌പൂരില്‍ ലോകോത്തര താരങ്ങള്‍ അണിനിരന്ന വുമണ്‍ ടി20 ചലഞ്ചറില്‍ വെലോസിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുത്തത് ഷഫാലിക്ക് തുണയായി.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ട്വന്‍റി20യില്‍ ഇന്ത്യൻ വനിതകൾ 11 റൺസിന് വിജയിച്ചു. ഇന്ത്യയുടെ 130 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ വനിതകൾ 119 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ദീപ്‌തി ശര്‍മ്മയാണ് ഇന്ത്യയെ ജയിപ്പിച്ചത്. ശിഖ പാണ്ഡേയും പൂനം യാദവും രാധാ യാദവും രണ്ട് വിക്കറ്റ് വീതംവീഴ്‌ത്തി. അ‍ഞ്ച് ടി20യുള്ള പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്‌ച നടക്കും.