ഒരു വര്‍ഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇപ്പോള്‍ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം.
ദില്ലി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടതറിഞ്ഞ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. രാവിലെ 5.30ന ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. താരം അപകടനില തരണം ചെയ്തിരുന്നു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. വാഹനത്തിന്റെ ചില്ലുകള്‍ സ്വയം തകര്‍ത്താണ് താരം പുറത്തുവന്നതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇപ്പോള്‍ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി, ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ്, ഇന്ത്യന്‍ താരം മുഹമ്മദ് ഷമി, മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍, എന്‍സിഎ ഡയറക്റ്ററും മുന്‍ താരവുമായി വിവിഎസ് ലക്ഷ്മണ്‍, മുന്‍ വനിതാ ക്രിക്കറ്റര്‍ ജുലന്‍ ഗോസ്വാമി തുടങ്ങിയവരെല്ലാം പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ചില ട്വീറ്റുകള്‍ വായിക്കാം...
ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്. പന്തിനെ, ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. പന്തിന് ഒരു വര്‍ഷത്തേക്കെങ്കിലും ക്രിക്കറ്റ് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. കാല്‍മുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി റിഷഭ് പന്തിനോട് രണ്ടാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 3 മുതല്‍ 15 വരെയാകും എന്‍സിഎയില്‍ പന്തിന്റെ പരിശീലനം നിശ്ചയിച്ചിരുന്നു. കാല്‍മുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസ് വരാനുള്ളതും ബിസിസിഐയുടെ മനസിലുണ്ട്. ടെസ്റ്റില്‍ ടീം ഇന്ത്യയുടെ നമ്പര്‍ ഒന്നാം വിക്കറ്റ് കീപ്പറാണ് റിഷഭ്. എന്നാല്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെ സാന്നിധ്യം വൈറ്റ് ബോള്‍ ടീമുകളില്‍ റിഷഭിന് വെല്ലുവിളിയാണ്.
