ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. മഹാനായ ക്രിക്കറ്റര്‍ എന്നാണ് കോലിയെ അഫ്രീദി വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ്(52 പന്തില്‍ 72 റണ്‍സ്) കോലി കാഴ്‌ചവെച്ചതിന് പിന്നാലെയാണ് അഫ്രീദി പ്രശംസയുമായി രംഗത്തെത്തിയത്. 

ഐസിസിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് അഫ്രിദിയുടെ കുറിപ്പിങ്ങനെ. 'അഭിനന്ദനങ്ങള്‍ വിരാട് കോലി. നിങ്ങളൊരു വിഖ്യാത താരമാണ്. മികവ് തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിങ്ങള്‍ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുക'- അഫ്രീദി കുറിച്ചു.

മൊഹാലി ടി20യില്‍ കോലിയുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ഗംഭീര ജയം സ്വന്തമാക്കിയിരുന്നു. ഈ ഇന്നിംഗ്‌സോടെ അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്താന്‍ കോലിക്കായി. സഹതാരം രോഹിത് ശര്‍മ്മയെയാണ് കോലി മറികടന്നത്. രോഹിത് 97 മത്സരങ്ങളില്‍ 2434 റണ്‍സ് നേടിയപ്പോള്‍ കോലി 71 മത്സരങ്ങളില്‍ 2441 റണ്‍സ് അടിച്ചെടുത്തു.