കറാച്ചി: കൊവിഡ് 19 ദുരിതബാധിതര്‍ക്ക് തന്റെ പേരിലുള്ള ഫൗണ്ടേഷന് സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചതിന്റെ പേരിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും ഹർഭജൻ സിംഗിനും ഇന്ത്യയിൽ നേരിട്ട വിമർശനത്തിൽ പ്രതികരണവുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മുമ്പ് കാനഡയില്‍വെച്ച് യുവരാജ് സിംഗിന്റെ പേരിലുള്ള ഫൌണ്ടേഷന് താന്‍ ഏഴരലക്ഷം രൂപ(10000 ഡോളര്‍) സംഭാവനയായി നല്‍കിയിരുന്നുവെന്നും അന്ന് ഒറ്റ പാക്കിസ്ഥാന്‍കാരും തന്നെ കുറ്റപ്പെടുത്തിയില്ലെന്നും എല്ലാവരും അഭിനന്ദിക്കുകയായണ് ചെയ്തതെന്നും അഫ്രീദി പറഞ്ഞു.
യുവിയുടെ പേരിലുള്ള ഫൌണ്ടഷന് സംഭാവന നല്‍കിയപ്പോള്‍ അന്ന് ഒരാളും എന്നോട് ചോദിച്ചിട്ടില്ല എന്തിനാണ് ഇന്ത്യക്കാരനായ യുവരാജിന് സംഭാവന നല്‍കുന്നതെന്നും ഇന്ത്യയെ പിന്തുണക്കുന്നതെന്നും. എന്നാലിപ്പോള്‍ മാനവരാശിക്കു വേണ്ടി നിലകൊണ്ട ഇരുവരെയും പിന്തുണയ്ക്കാൻ ഇന്ത്യയില്‍ ആരുമില്ലാതെ പോയതും ഇവർ കടുത്ത വിമർശനം നേരിടേണ്ടി വന്നതും തന്നെ അത്ഭുതപ്പെടുത്തിയെന്നും അഫ്രീദി പറഞ്ഞു.
Also Read: ആ പണം ഞങ്ങള്‍ക്ക് ആവശ്യമില്ല; ഇന്ത്യ-പാക് പരമ്പര വേണമെന്ന അക്തറിന്റെ ആവശ്യത്തിന് മറുപടിയുമായി കപില്‍ ദേവ്
സിന്ധ് പ്രവിശ്യയിൽ തന്റെ ഫൗണ്ടേഷൻ ചെയ്യുന്ന കാരുണ്യ പ്രവർത്തികളിൽ 54 ശതമാനത്തോളം ഹിന്ദു മതത്തിൽപ്പെട്ടവർക്കായാണെന്നും അഫ്രീദിയെ ഉദ്ധരിച്ച് പാക് മാധ്യമപ്രവര്‍ത്തകനായ സാജിദ് യഹിയ ട്വിറ്ററില്‍ വ്യക്തമാക്കി. ഹിന്ദു സമൂഹത്തിൽപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാൻ കറാച്ചിയിൽ ഞങ്ങൾ പ്രത്യേകം ക്യാംപ് നടത്തി. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെയും സഹായിക്കുന്നുണ്ട്. ഇതു തുടരും.
മാനവരാശിക്കുവേണ്ടി കഠിനമായി അധ്വാനിക്കുന്ന വ്യക്തിയാണ് യുവരാജ് സിംഗ്. അദ്ദേഹത്തിന് എന്റെ പിന്തുണ എന്നുമുണ്ടാകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ ഇന്ത്യയിലെ ജനങ്ങളോട് ഞാൻ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം ഇന്ത്യയ്ക്കായി ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അതേ ഇന്ത്യയ്ക്കായി എന്തെങ്കിലും തിരികെ നൽകാനുള്ള ശ്രമങ്ങളിൽ നിങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്- അഫ്രീദി പറഞ്ഞു. കൊവിഡ് ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരിക്കാനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വേണമെന്ന ഷൊയൈബ് അക്തറിന്റെ പ്രസ്താവനക്ക് ഇന്ത്യന്‍ ബൌളിംഗ് ഇതിഹാസം കപില്‍ ദേവ് നല്‍കിയ മറുപടി തന്നെ ഞെട്ടിച്ചുവെന്നും അഫ്രീദി പറഞ്ഞു. പട്ടിണി മൂലം മാലിന്യക്കൂമ്പാരത്തില്‍ നിന്നുവരെ ഭക്ഷണം എടുത്തു കഴിക്കുന്ന ഇന്ത്യക്കാരുടെ വീഡിയോകള്‍ താന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ബഹുമാനവുംവെച്ച് പറയട്ടെ, ഞങ്ങള്‍ക്ക് നിങ്ങളുടെ പണം വേണ്ടെന്ന് നിങ്ങള്‍ പറയരുതായിരുന്നു-അഫ്രീദി പറഞ്ഞു.