അഹമ്മദാബാദിലെ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ കളിക്കുന്നത് ഇന്ത്യക്ക് അനുകൂല ഘടകമാണെന്നാണോ നിങ്ങളെ ഭയപ്പെടുത്തുന്നത്. എങ്കില്‍ അവിടെപ്പോയി അവര്‍ക്ക് മുമ്പില്‍ ജയിച്ചു കാണിക്കുവെന്നും അഫ്രീദി പറഞ്ഞു.

കറാച്ചി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാക് ടീം അഹമ്മദാബാദില്‍ കളിക്കില്ലെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനെതിരെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. അഹമ്മദാബാദില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് അഫ്രീദി പാക്കിസ്ഥാനിലെ പ്രാദേശിക ചാനലിനോട് പ്രതികരിച്ചു.

അഹമ്മദബാദ് ഗ്രൗണ്ടില്‍ കളിക്കില്ലെന്ന് എന്തുകൊണ്ടാണ് അവര്‍ നിലപാടെടുക്കുന്നത്. അവിടെയെന്താ കല്ലേറോ തീപിടിത്തമോ ഇനി അവിടെ വേട്ടയാടലോ ഉണ്ടോ. കളിക്കുന്ന വേദിയെക്കുറിച്ച് ചിന്തിക്കാതെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടതെന്ന് അഫ്രീദി പറഞ്ഞു.

അവിടെ പോയി കളിക്കു, എന്നിട്ട് ജയിക്കു. നിങ്ങള്‍ തടസങ്ങളായി കാണുന്ന കാര്യങ്ങളെയെല്ലാം മറികടന്ന് അവിടെ ആധികാരികമായി ജയിച്ചു കാണിക്കു. ആത്യന്തികമായി പാക്കിസ്ഥാന്‍ ടീമിന്‍റെ വിജയം മാത്രമാണ് രാജ്യത്തെ ആരാധകര്‍ ആഗ്രഹിക്കുന്നത്. അഹമ്മദാബാദിലെ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ കളിക്കുന്നത് ഇന്ത്യക്ക് അനുകൂല ഘടകമാണെന്നാണോ നിങ്ങളെ ഭയപ്പെടുത്തുന്നത്. എങ്കില്‍ അവിടെപ്പോയി അവര്‍ക്ക് മുമ്പില്‍ ജയിച്ചു കാണിക്കുവെന്നും അഫ്രീദി പറഞ്ഞു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി അഫ്ഗാനെ തകര്‍ത്ത് ബംഗ്ലാദേശ്

പാക്കിസ്ഥാന്‍റെ ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ അഹമ്മദാബാദില്‍ വെച്ചാല്‍ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുത്തിരുന്നു. എന്നാല്‍ ഒക്ടോബര്‍ 15ന് ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയായി ഐസിസിക്ക് നല്‍കിയ കരട് മത്സരക്രമത്തില്‍ ബിസിസിഐ നിര്‍ജേശിച്ചിരിക്കുന്നത്. ഫൈനലും നടക്കേണ്ടത് ഇതേവേദിയിലാമ്. എന്നാല്‍ സെമി അടക്കമുള്ള നോക്കൗട്ട് മത്സരങ്ങള്‍ മാത്രമെ അഹമ്മദാബാദില്‍ കളിക്കൂ എന്നായിരുന്നു പാക്കിസ്ഥാന്‍റെ നിലപാട്. ഏഷ്യാ കപ്പില്‍ ഹൈബ്രിഡ് മോഡലില്‍ കളിക്കാന്‍ തയാറാണെന്ന് ബിസിസിഐ നിലപാടെടുത്തോടെ അഹമ്മദാബാദില്‍ കളിക്കാനില്ലെന്ന നിലപാടില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അയവ് വരുത്തിയിരുന്നു.