ഇരുവരുടെയും വിവാഹനിശ്ചയം വൈകാതെ തന്ന നടക്കുമെന്നാണ് സൂചന. ഷഹീന്‍റെ പിതാവ് അയാസ് ഖാനും വിവാഹ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

കറാച്ചി: പാക് യുവതാരം ഷഹീന്‍ അഫ്രിദീ വിവാഹിതനാവുന്നു. മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അക്സ അഫ്രീദിയെയാണ് ഷഹീന്‍ അഫ്രീദി വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ട്. വിവാഹ ആലോചനയുമായി ഷഹീന്‍ അഫ്രീദിയുടെ കുടുംബം തന്‍റെ കുടുംബത്തെ സമീപിച്ചുവെന്ന് ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ സ്ഥിരീകരിച്ചിരുന്നു. ഇരു കുടുംബങ്ങളും കൂടിയാലോചനകള്‍ തുടരുകയാണെന്നും അഫ്രീദി പറഞ്ഞു. ദൈവത്തിന്‍റെ ആഗ്രഹം അതാണെങ്കില്‍ വിവാഹം നടക്കുമെന്നും ഷഹീന്‍റെ കരിയറില്‍ എല്ലാ വിജയങ്ങളം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അഫ്രീദി കുറിച്ചു.

Scroll to load tweet…

ഇരുവരുടെയും വിവാഹനിശ്ചയം വൈകാതെ തന്ന നടക്കുമെന്നാണ് സൂചന. ഷഹീന്‍റെ പിതാവ് അയാസ് ഖാനും വിവാഹ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട് ആലോചനകളും മറ്റും നടന്നുവെന്നും സന്തോഷവാർത്ത പുറംലോകത്തെ അറിയിക്കാനുള്ള സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഈയടുത്ത് നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഷഹീൻ അഫ്രീദിയും ഷാഹിദ് അഫ്രീദിയും കളിച്ചിരുന്നു. പാക് സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് താരമാണ് ഷഹീന്‍ അഫ്രീദി. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനുവേണ്ടിയാണ് അഫ്രീദി പാക് സൂപ്പര്‍ ലിഗില്‍ കളിക്കുന്നത്.

ഇടങ്കയ്യൻ പേസറായ ഷഹീൻ അഫ്രീദി 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് പാക് ടീമിൽ അരങ്ങേറിയത്. 15 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റും 21 ഏകദിനങ്ങളില്‍ നിന്ന് 45 വിക്കറ്റും 22 ടി20 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റും നേടിയിട്ടുണ്ട്.