ധാക്ക: ഇന്ത്യക്കെതിരായ ടി20, ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ടീമിന്റെ നായകന്‍ ഷാക്കിബ് അല്‍ ഹസനെ ഐസിസി 18 മാസത്തേക്ക് വിലക്കാനിടയുണ്ടെന്ന് ബംഗാളി പത്രം സമകാല്‍ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പുകാര്‍ സമീപിച്ച വിവരം ഐസിസി അഴിമതി വരുദ്ധ സെല്ലിന് റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരിലാണ് നടപടി വരുന്നതെന്നാണ് സൂചന. വാതുവെപ്പുകാര്‍ സമീപിച്ചിരുന്നുവെന്ന കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധസെല്ലിന് മുമ്പാകെ ഷാക്കിബ് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

വിലക്കിന് മുന്നോടിയായാണ് ഷാക്കിബിനെ പരിശീലന സെഷനില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തടഞ്ഞത് എന്നാണ് സൂചന. ഇന്ത്യക്കെതിരായ ആദ്യ ടി20 തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാവുന്ന തീരുമാനം. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന ക്യാംപില്‍ ഒരു നെറ്റ് സെഷനില്‍ മാത്രമാണ് ഷാക്കിബ് പങ്കെടുത്തത്.

നേരത്തെ പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബിന്റെ നേൃത്വത്തില്‍ കളിക്കാര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പരസ്യക്കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഷാക്കിബിനെതിരെ നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തു.

പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബിന്റെ നേതൃത്വത്തില്‍ കളിക്കാര്‍ പരസ്യമായി രംഗത്തെത്തിയത് ബോര്‍ഡിനെ ചൊടിപ്പിച്ചിരുന്നു. ഒടുവില്‍ കളിക്കാരുടെ ആവശ്യത്തിന് ബോര്‍ഡിന് വഴങ്ങേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ഷാക്കിബിനെതിരെ പരസ്യ കരാര്‍ ലംഘനത്തിന്റെ പേരില്‍ ബോര്‍ഡ് നടപടിക്കൊരുങ്ങിയത്.