ദുബായ്: ഐസിസി വിലക്കിന് പിന്നാലെ ടി20 റാങ്കിംഗില്‍ നിന്നും ബംഗ്ലാദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ഷാക്കിബിന്റെ പേരില്ല. വിലക്കിന് തൊട്ടുമുമ്പ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ബൗളിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തും ഷാക്കിബ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പുറത്തുവിട്ട റാങ്കിംഗില്‍ ഷാക്കിബിന്റെ പേര് എവിടെയുമില്ല.

വാതുവെപ്പുകാര്‍ സമീപിച്ച വിവരം ഐസിസി അഴിമതിവിരുദ്ധ സമിതിയെ അറിയിച്ചില്ലെന്ന കുറ്റത്തിന് ഷാക്കിബിനെ ഐസിസി രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ടകാലത്ത് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഐസിസി റാങ്കിംഗില്‍ ഇടം നേടിയിരുന്നു. വിലക്ക് നിലനിന്ന സമയത്തും ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിന് പുറത്ത് പോവാതിരുന്ന സ്മിത്ത് വിലക്ക് മാറി തിരിച്ചെത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

എന്നാല്‍ ഷാക്കിബിനെ റാങ്കിംഗില്‍ നിന്ന് ഒഴിവാക്കിയതിന് ഐസിസി വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. ഷാക്കിബിന്റെ അഭാവത്തില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി ഓള്‍ റഔണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്ലെന്‍ മാക്സ്‌വെല്ലാണ് രണ്ടാം സ്ഥാനത്ത്. സ്കോട്‌ലന്‍ഡിന്റെ റിച്ചാര്‍ഡ് ബെറിംഗ്ടണ്‍ മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശിന്റെ നിലവിലെ നായകന്‍ മെഹമ്മദുള്ളയാണ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്ത്.