അയര്‍ലന്‍ഡിനായി ഗ്രഹാം ഹ്യൂം നാലും മാര്‍ക്ക് അഡൈറും ആന്‍ഡി മക്‌ബ്രൈനും കര്‍ട്ടിസ് കാംഫെറും ഓരോ വിക്കറ്റും നേടി

സിൽഹെറ്റ്: അയര്‍ലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ഷാക്കിബ് അല്‍ ഹസന്‍റെയും തൗഹിദ് ഹ്രിദോയിയുടേയും ബാറ്റിംഗ് കരുത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി. ഷാക്കിബ് 93 ഉം തൗഹിദ് 92 ഉം റണ്‍സെടുത്തു. അയര്‍ലന്‍ഡിനായി ഗ്രഹാം ഹ്യൂം നാലും മാര്‍ക്ക് അഡൈറും ആന്‍ഡി മക്‌ബ്രൈനും കര്‍ട്ടിസ് കാംഫെറും ഓരോ വിക്കറ്റും നേടി. 

ഓപ്പണറും നായകനുമായ തമീം ഇക്‌ബാലിനെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ നഷ്ടമായായിരുന്നു ബംഗ്ലാദേശിന്‍റെ തുടക്കം. 9 പന്തില്‍ 3 റണ്‍സെടുത്ത തമീമിനെ മാര്‍ക്ക് അഡൈറാണ് മടക്കിയത്. സഹ ഓപ്പണര്‍ ലിറ്റണ്‍ ദാസ് കര്‍ട്ടിസ് കാംഫെറിന് കീഴടങ്ങിയപ്പോള്‍ 31 പന്തില്‍ 26 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമനും ഫോമിലുള്ള ബാറ്ററുമായ നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയ്‌ക്കും കാര്യമായി തിളങ്ങാനായില്ല. 34 പന്തില്‍ 25 എടുത്ത ഷാന്‍റോയെ മക്‌ബ്രൈന്‍ പുറത്താക്കി. മൂന്ന് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 81 റണ്‍സാണ് ബംഗ്ലാദേശിനുണ്ടായിരുന്നത്. 

ഷാക്കിബ് അല്‍ ഹസനും തൗഹിദ് ഹ്രിദോയിയും ക്രീസില്‍ ഒന്നിച്ചതോടെ നാലാം വിക്കറ്റ് കൂട്ടുകെട്ട് 216 റണ്‍സ് വരെ നീണ്ടു. 89 പന്തില്‍ 93 നേടിയ ഷാക്കിബിനെ ഹ്യൂമാണ് മടക്കിയത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ മുഷ്‌ഫീഖുര്‍ റഹീം 26 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സുമായി 44 റണ്‍സെടുത്ത് സ്കോര്‍ ഉയര്‍ത്തി. മുഷ്‌ഫി പുറത്താകുമ്പോഴേക്ക് ടീം സ്കോര്‍ 300ന് അടുത്തെത്തിയിരുന്നു. തൗഹിദ് 85 പന്തില്‍ 92 റണ്‍സുമായി ആറാമനായി മടങ്ങിയപ്പോള്‍ തസ്‌കിന്‍ അഹമ്മദ് 11ല്‍ പുറത്തായി. 11* റണ്‍സുമായി നാസും അഹമ്മദും ഒരു റണ്ണോടെ മുഷ്‌ഫീഖുര്‍ റഹ്‌മാനും പുറത്താവാതെ നിന്നു.