ധാക്ക: വിരാട് കോലി, രോഹിത് ശര്‍മ, എം എസ് ധോണി എന്നിവരൊന്നുമില്ലാത്ത ഒരു ഐപിഎല്‍ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആരാധകര്‍ക്കാവില്ല. എന്നാല്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്റെ ഐപിഎല്‍ ടീം അങ്ങനെയാണ്. ഷാകിബ് കളിച്ച ഫ്രാഞ്ചൈസിയില്‍ നിന്നുള്ള താരങ്ങളെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്നുള്ള താരങ്ങളെ മാത്രമാണ് ഷാക്കിബ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അങ്ങനെയാണ് ഇന്ത്യയുടെ ത്രിമൂര്‍ത്തികള്‍ പുറത്താവുന്നതും.

പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായുള്ള ലൈവിലാണ് ഷാകിബ് ഐപിഎല്ലിലെ തന്റെ പ്രിയപ്പെട്ട ഇലവനെ തിരഞ്ഞെടുത്തത്. നിലവില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അദ്ദേഹം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറാണ് ടീമിനെ നയിക്കുന്നത്. ഡേവിഡ് വാര്‍ണറും റോബിന്‍ ഉത്തപ്പയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍.

ഗംഭീര്‍ മൂന്നാമതും മനീഷ് പാണ്ഡെ നാലാമനായും കളിക്കും. അഞ്ചാമനായി ഷാക്കിബ് തന്നെ ക്രീസിലെത്തും. യൂസുഫ് പഠാനാണ് ആറാംനമ്പറില്‍ കളിക്കുക. ഏഴ്, എട്ട് പൊസിഷനില്‍ ആന്ദ്രേ റസ്സലും സുനില്‍ നരെയ്നുമാണ്. ഉമേഷ് യാദവ്, ലക്ഷ്മിപതി ബാലാജി എന്നിവര്‍ക്കൊപ്പം ഭുവനേശ്വര്‍ കുമാറും പേസ് ബൗളിങിന് കരുത്ത് പകരം. 

ഷാകിബിന്റെ ടീം ഐപിഎല്‍ ടീം: ഡേവിഡ് വാര്‍ണര്‍, റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ഷാകിബ് അല്‍ ഹസന്‍, യൂസുഫ് പഠാന്‍, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ലക്ഷ്മിപതി ബാലാജി, ഉമേഷ് യാദവ്.