ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നിര്‍ണായക താരമാണ് മുഹമ്മദ് ഷമി. ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാനുള്ള കഴിവുകൊണ്ട് താരത്തെ 'രണ്ടാം ഇന്നിങ്‌സ് ഷമി' എന്നൊരു വിളിപ്പേരുമുണ്ട്. അടുത്തിടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും താരം മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. ധോണി ക്യാപ്റ്റനായിരിക്കെയാണ് ഷമി ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറുന്നത്. ധോണി അടുത്ത കാലത്തൊന്നും ദേശീയ ടീമില്‍ കളിച്ചിട്ടില്ല. ടീമില്‍ ധോണിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷമി.

ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഷമി. താരം തുടര്‍ന്നു... ''ധോണിക്ക് കീഴില്‍ എല്ലാ ഫോര്‍മാറ്റിലും ഞാന്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം ഓരോ താരത്തേയും കൈകാര്യം ചെയ്യുന്ന രീതി പ്രശംസനീയമാണ്.  മഹാനായ താരമാണ് ധോണി. ഒരുപാട് ഓര്‍മകളുണ്ട് അദ്ദേഹത്തോടൊപ്പം. അതിലൊന്നാണ് അദ്ദേഹത്തോടൊപ്പം ഡിന്നര്‍ കഴിക്കുന്നത്. 

എല്ലാവര്‍ക്കൊപ്പവുമിരുന്ന് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ധോണി. എപ്പോഴും മൂന്നോ നാലോ പേര്‍ അദ്ദേഹത്തോടൊപ്പം കാണും. ഞങ്ങള്‍ രാത്രി ഏറെ വൈകുവോളം സംസാരിക്കും. ഇതൊക്കെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.'' ഷമി പറഞ്ഞു.