ചരിത്രത്തിൽ അത്യപൂർവമായി സംഭവിക്കുന്ന പ്രതിഭാസമായിരുന്നു ഷെയ്‍ന്‍ വോണ്‍. ക്രിക്കറ്റിൽ ഏറ്റവും ദുഷ്കരമായ ലെഗ് സ്‍പിന്നില്‍ വിസ്‍മയം തീർത്ത മഹാമാന്ത്രികൻ.
സിഡ്‍നി: സ്‍പിന്‍ മാന്ത്രികൻ ഷെയ്ൻ വോൺ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ വർഷം തായ്‍ലൻഡിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നായിരുന്നു 52കാരനായ വോണിന്‍റെ അന്ത്യം. വോണിന്‍റെ വേർപാടിന് ഒരു വർഷം പിന്നിടുമ്പോള്‍ ദുഖവും ഓർമ്മകളും പങ്കിട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ആദം ഗില്‍ക്രിസ്റ്റും മൈക്കല്‍ വോണും അടക്കമുള്ള താരങ്ങളും അദേഹം ക്യാപ്റ്റനായിരുന്ന രാജസ്ഥാന്‍ റോയല്‍സും കുറിപ്പുകള്‍ പങ്കുവെച്ചത് ആരാധകരെ കണ്ണീരിലാഴ്ത്തി. മഹാനായ ക്രിക്കറ്റർ എന്നതുകൊണ്ട് മാത്രമല്ല, നല്ല സുഹൃത്ത് എന്ന നിലയിലും വോണിനെ മിസ്സ് ചെയ്യുന്നതായി സച്ചിന്‍ കുറിച്ചു.
ചരിത്രത്തിൽ അത്യപൂർവമായി സംഭവിക്കുന്ന പ്രതിഭാസമായിരുന്നു ഷെയ്‍ന്‍ വോണ്‍. ക്രിക്കറ്റിൽ ഏറ്റവും ദുഷ്കരമായ ലെഗ് സ്‍പിന്നില്‍ വിസ്‍മയം തീർത്ത മഹാമാന്ത്രികൻ. ലെഗ് സ്‍പിന്‍ ബൗളർമാർ ക്രിക്കറ്റിൽ നിന്ന് അപ്രസക്തരായിക്കൊണ്ടിരുന്ന കാലത്താണ് ഷെയ്ൻ വോണിന്‍റെ ഉദയം. അലസതാളത്തിലുള്ള ബൗളിംഗ് ആക്ഷന് പിന്നാലെ വോണിന്‍റെ വിരലുകളിൽ നിന്ന് ക്രീസിലേക്ക് പറന്നിറങ്ങുന്ന പന്തുകള്‍ ബാറ്റർമാരെ കറക്കിവീഴ്ത്തി. ടേണിനൊപ്പം ഏത് വിക്കറ്റിലും ബൗൺസും കണ്ടെത്തുന്നതായിരുന്നു വോണിനെ അപകടകാരിയാക്കിയത്. ടെസ്റ്റിൽ ഹാട്രിക്, ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച്, ടെസ്റ്റിൽ 700 വിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 വിക്കറ്റും നേടുന്ന ആദ്യ ബൗളർ, സെഞ്ചുറിയില്ലാതെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ, മൈക് ഗാറ്റിംഗിന്‍റെ വിക്കറ്റ് പിഴുത നൂറ്റാണ്ടിന്‍റെ പന്ത് തുടങ്ങി തിളക്കമേറെയാണ് വോണിന്‍റെ നേട്ടങ്ങൾക്ക്.
1992ൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച ഷെയ്‍ന്‍ വോണ്‍ 145 ടെസ്റ്റിൽ 708 വിക്കറ്റും 194 ഏകദിനത്തിൽ 293 വിക്കറ്റും സ്വന്തമാക്കി. വിഖ്യാതമായ ആഷസ് പരമ്പരയില്‍ മാത്രം 195 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിലെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ ചാമ്പ്യൻമാരാക്കിയ നായകനാണ് വോണ്‍. കമന്‍റേറ്ററായും മെന്‍ററായും ക്രിക്കറ്റിൽ സജീവമായി തുടരവേയാണ് കഴിഞ്ഞ വർഷം മരണം അപ്രതീക്ഷിതമായി വോണിന്‍റെ ഇന്നിംഗ്‍സ് അവസാനിപ്പിച്ചത്.
മറ്റ് രാജ്യങ്ങളില്‍ റഫറിയെ സഹായിക്കാന്‍ വാർ, ഇവിടെ മൊബൈല്‍ ഫോണ്‍; ട്രോളി ആരാധകർ
