145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളുമായി ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വോണ്‍. 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ വോണിന് സാധിച്ചിട്ടുണ്ട്. 

സിഡ്‌നി: ഇതിഹാസ സ്പിന്നര്‍മാരായ ഷെയ്ന്‍ വോണിനേയും (Shane Warne) മുത്തയ്യ മുരളീധരനേയും (Muttiah Muralitharan) വിക്കറ്റ് വേട്ടയില്‍ ആരെങ്കിലും മറികടക്കുമോ എന്നുള്ളത് സംശയാണ്. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളുമായി ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വോണ്‍. 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ വോണിന് സാധിച്ചിട്ടുണ്ട്. 800 വിക്കറ്റ് നേടിയ മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. 

എന്നാല്‍ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വോണ്‍. ടെസ്റ്റില്‍ 1000 വിക്കറ്റെങ്കിലും നേടാന്‍ സാധിക്കുന്ന താരം ഇന്ത്യയുടെ ആര്‍ അശ്വിനും ഓസ്ട്രേലിയയുടെ നതാന്‍ ലിയോണുമാണെന്നാണ് വോണ്‍ പറയുന്നത്. ''രണ്ട് പേരും ലോകോത്തര സ്പിന്നര്‍മാരാണ്. ഗുണമേന്മയുടെ പന്തുകളെറിയാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. ഇവര്‍ ഉള്ളപ്പോള്‍ ക്രിക്കറ്റ് കൂടുതല്‍ ആവേശകരമാവുന്നു. അശ്വിനും ലിയോണും 1000 വിക്കറ്റ് ടെസ്റ്റില്‍ നേടാന്‍ കഴിവുള്ളവരാണെന്നാണ് വിശ്വസിക്കുന്നത്.'' വോണ്‍ പറഞ്ഞു.

വോണ്‍ ഇത്തരത്തില്‍ പറഞ്ഞെങ്കിലും റെക്കോഡ്് മറികടക്കുക ഇരുവര്‍ക്കും പ്രയാസമായിരിക്കും. 84 ടെസ്റ്റുകളില്‍ നിന്ന് 430 വിക്കറ്റാണ് നിലവില്‍ അശ്വിന്റെ പേരിലുള്ളത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളിലാണ് അശ്വിന് കൂടുതല്‍ തിളങ്ങാനാവുന്നത്. 34കാരനായ നതാന്‍ ലിയോണ്‍ മികച്ച സ്പിന്നറാണെങ്കിലും വോണിന്റെയും മുരളീധരന്റെയും റെക്കോഡ് തകര്‍ക്കുമെന്ന് കരുതാനാവില്ല. 105 ടെസ്റ്റില്‍ നിന്ന് 415 വിക്കറ്റാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. 

അശ്വിന് ഇനിയും മൂന്നോ- നാലോ വര്‍ഷങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അവശേഷിക്കുന്നുണ്ട്. ഒരുപക്ഷേ വോണിനെ മറികടക്കാന്‍ അശ്വിന് കഴിഞ്ഞേക്കും. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച റെക്കോഡാണ് താരത്തിന്. എന്നാല്‍ മുരളിയെ മറികടക്കുക എളുപ്പമാവില്ല.