ലണ്ടന്‍: ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും കളിക്കാരെ ഉള്‍പ്പെടുത്തി എക്കാലത്തെയും മികച്ച സംയുക്ത ആഷസ് ടീമിനെ തെരഞ്ഞെടുത്ത് ഓസീസ് ബൗളിംഗ് ഇംതിഹാസം ഷെയ്ന്‍ വോണ്‍. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയാണ് വോണ്‍ സംയുക്ത ആഷസ് ടീമിനെ തെരഞ്ഞെടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള രണ്ടാമത്തെ ബൗളറായ വോണ്‍ സ്വന്തം പേരൊഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനും ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചുമാണ് വോണിന്റെ ടീമിലെ ഓപ്പണര്‍മാര്‍. ഇംഗ്ലണ്ടിന്റെ ഏറ്റവും വലയി റണ്‍വേട്ടക്കാനായ അലിസ്റ്റര്‍ കുക്ക് ടീമില്‍ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത.ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗാണ് മൂന്നാം നമ്പറില്‍. നാലാം സ്ഥാനത്ത് ഓസീസിന്റെ മാര്‍ക്ക് വോ എത്തുന്നു. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്സണ്‍ അഞ്ചാമതെത്തുമ്പോള്‍ ടീമിന്റെ നായകനാവുന്നത് മുന്‍ ഓസീസ് താരം അലന്‍ ബോര്‍ഡറാണ്.

ആദം ഗില്‍ക്രിസ്റ്റാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.ഓള്‍ റൗണ്ടറായി ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു ഫ്ലിന്റോഫ് എത്തുമ്പോള്‍ ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നറായി വോണ്‍ തെരഞ്ഞെടുത്തത് ഓസീസ് താരമായിരുന്ന ടിം മേയെ ആണ്. 36 ആഷസ് ടെസ്റ്റുകളില്‍ നിന്ന് 195 വിക്കറ്റ് നേടിയിട്ടുള്ള വോണിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് താരം വ്യക്തമാക്കുന്നില്ല. വോണിന് പകരം ടീമിലെടുത്ത ടിം മേ ആകട്ടെ കരിയറില്‍ ആകെ 24 ടെസ്റ്റില്‍ നിന്ന് 75 വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.

മുന്‍ ഇംഗ്ലീഷ് പേസര്‍ ഡാരന്‍ ഗഫും ഓസീസ് പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്തുമാണ് ടീമിലെ പേസര്‍മാര്‍. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ജെയിംസ് ആന്‍ഡേഴ്സണെ വോണ്‍ പരിഗണിച്ചില്ലെന്നതും ആശ്ചര്യപ്പെടുത്തുന്നതായി.