ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്(Joe Root) വോണിന്‍റെ പട്ടികയിലെ രണ്ടാമന്‍. ഒഈ വര്‍ഷം ടെസ്റ്റില്‍ ആറ് സെഞ്ചുറികളാണ് റൂട്ട് നേടിയത്.

സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റര്‍മാരെ(Top-5 Test batters) തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍(Shane Warne). ടെസ്റ്റ് ബാറ്റര്‍മാരുടെ കാര്യത്തില്‍ സ്റ്റീവ് സ്മിത്താണ്(Steve Smith) ഒന്നാമനെന്ന് വോണ്‍ പറഞ്ഞു. ഏത് സാഹചര്യത്തിലും ഏത് ബൗളിംഗ് നിരക്കെതിരെയും അസാമാന്യ മികവ് കാട്ടിയിട്ടുള്ള സ്മിത്തിനെ അല്ലാതെ മറ്റൊരാളെ ഒന്നാമനായി തെരഞ്ഞെടുക്കാനാവില്ലെന്നും വോണ്‍ ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്(Joe Root) വോണിന്‍റെ പട്ടികയിലെ രണ്ടാമന്‍. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന മുന്‍ പാക് താരം മുഹമ്മദ് യൂസഫിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് കരുതുന്ന റൂട്ട് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 89 റണ്‍സടിച്ച് തിളങ്ങിയിരുന്നു. ഈ വര്‍ഷം ടെസ്റ്റില്‍ ആറ് സെഞ്ചുറികളാണ് റൂട്ട് നേടിയത്.

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ(Kane Williamson) ആണ് ഷെയ്ന്‍ വോണ്‍ ടോപ്-3ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികവിന്‍റെ കാര്യത്തില്‍ റൂട്ടിന് ഒട്ടും പിനിലല്ല വില്യംസണുമെന്നും വോണ്‍ പറയുന്നു. വോണിന്‍റെ പട്ടികയില്‍ നാലാമതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli). കഴിഞ്ഞ രണ്ടു വര്‍ഷമായി ടെസ്റ്റില്‍ സെഞ്ചുറികളില്ലാത്തതാണ് കോലിക്ക് തിരിച്ചടിയായത്. 2019ലാണ് കോലി അവസാനമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസാന ടെസ്റ്റില്‍ മാത്രം കളിച്ച കോലി അര്‍ധസെഞ്ചുറിപോലും നേടിയിരുന്നില്ല.

സമീപകാലത്ത് വിരാട് കോലി അല്‍പം പുറകിലോട്ടുപോയെന്ന് തുറന്നുപറഞ്ഞ വോണ്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്നെ(Marnus Labuschagne) ആണ് പട്ടികയിലെ അഞ്ചാമനായി തെരഞ്ഞെടുത്തത്. ടി20ക്ക് പിന്നാലെ ഏകിനങ്ങളിലെ നായക സ്ഥാനവും നഷ്ടമായ വിരാട് കോലി ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് ഇനി കളിക്കുക. ഡിസംബര്‍ 26നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.