സിഡ്‌നി: ഈ വര്‍ഷം അവസാന നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകള്‍ കളിക്കാന്‍ ടീം ഇന്ത്യ തയ്യാറാകണമെന്ന് ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍. ഇതില്‍ രണ്ടെണ്ണം ഡേ നൈറ്റ് ടെസ്റ്റുകളായിരിക്കണം എന്നും ഓസീസ് മുന്‍ താരം ട്വീറ്റ് ചെയ്തു. 

ഞാന്‍ മുന്‍പേ പറഞ്ഞതാണ്, അടുത്ത സീസണില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ടാകുന്നത് എന്തുകൊണ്ടും നന്നാകും. ബ്രിസ്‌ബേന്‍, പെര്‍ത്ത്, അഡ്‌ലെയ്‌ഡ് എന്നിവിടങ്ങളില്‍ റെഡ് ബോളിലും മെല്‍ബണിലും സിഡ്‌നിയിലും പിങ്ക് പന്തിലും കളിക്കണം. ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇത് സാധ്യമാക്കും എന്നാണ് കരുതുന്നത്. മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ഒഴിവുകഴിവായി കാണരുതെന്നും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വോണ്‍ കുറിച്ചു. 

ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി എന്നിവരെയും ബിസിസിഐയെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയെയും ടാഗ് ചെയ്‌താണ് ഷെയ്‌ന്‍ വോണിന്‍റെ ട്വീറ്റ്. ഇന്ത്യയുടെ ഓസ‌്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിക്കാനാണ് നിലവില്‍ ടീം ഇരുടീമുകളും ധാരണയായിട്ടുള്ളത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ കളിച്ച ഏക ടെസ്റ്റാണ് പിങ്ക് പന്തില്‍ ഇന്ത്യയുടെ മുന്‍പരിചയം. 

'പിങ്ക് അങ്കം' ഓസ്‌ട്രേലിയയില്‍; തീരുമാനം വൈകാതെ

പരമ്പരയില്‍ രണ്ട് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകള്‍ നടത്താനുള്ള സാധ്യത ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ ആരാഞ്ഞിരുന്നു. ചൊവ്വാഴ്‌ച മുംബൈയില്‍ ബിസിസിഐ-ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍മാര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഓസ്‌ട്രേലിയയില്‍ പിങ്ക് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്ന് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വോയ്‌ക്ക് മറുപടിയായി, ഓസ്‌ട്രേലിയ എന്നല്ല ലോകത്തെ ഏത് രാജ്യത്തും പിങ്ക് പന്തില്‍ കളിക്കാന്‍ ടീം ഇന്ത്യ തയ്യാറാണെന്ന് നായകന്‍ വിരാട് കോലി ഇന്ന് വ്യക്തമാക്കിയിരുന്നു.  

നിലവില്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലുണ്ട്. പരമ്പരയിലെ ആദ്യ ഏകദിനം നാളെ മുംബൈയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുക. രണ്ടാം ഏകദിനം 17ന് രാജ്‌കോട്ടിലും മൂന്നാം മത്സരം 19ന് ബെംഗളൂരുവിലും നടക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏകദിന പരമ്പര 3-2ന് ഓസീസ് നേടിയിരുന്നു.