മാഞ്ചസ്റ്റര്‍: ടി20 ക്രിക്കറ്റിലെ ബാറ്റ്സ്മാന്‍മാരുടെ ആധിപത്യം ഒഴിവാക്കി ബാറ്റ്സ്മാനും ബൗളര്‍ക്കും തുല്യ അവസരമൊരുക്കാനായി ക്രിയാത്മക നിര്‍ദേശങ്ങളുമായി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ടീമിലെ ഒരു ബൗളര്‍ക്ക് മാത്രം അഞ്ചോവര്‍ എറിയാനുള്ള അവസരം നല്‍കിയാല്‍ ടി20 ക്രിക്കറ്റിലെ ബാറ്റ്സ്മാന്‍മാരുടെ ആധിപത്യത്തിന് ചെറിയൊരളവിലെങ്കിലും തടയിടാനാകുമെന്ന് വോണ്‍ പറഞ്ഞു.

ഇംഗ്ലണ്ട്-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയായിരുന്നു വോണിന്റെ അഭിപ്രായപ്രകടനം. നിലവില്‍ ടീമിലെ ഒരു ബൗളര്‍ക്ക് പരമാവധി നാലോവര്‍ മാത്രമാണ് എറിയാനാകുക. എന്നാല്‍ ഇതിന് പകരം നാലു ബൗളര്‍മാര്‍ അഞ്ചോവര്‍ എറിയുകയോ ഒരു ബൗളര്‍ക്കെങ്കിലും അ‍ഞ്ചോവര്‍ എറിയാനുള്ള അവസരം നല്‍കുകയോ ചെയ്താല്‍ ടി20 ക്രിക്കറ്റ് ബാറ്റും ബോളും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനാവുമെന്ന് വോണ്‍ പറഞ്ഞു.

ഒരു മത്സരത്തില്‍ ടീമിലെ ഏറ്റവും മികച്ച ബൗളറെ അഞ്ചോവര്‍ എറിയാന്‍ അനുവദിക്കുന്നതോടെ ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരുപരിധിവരെയെങ്കിലും തടയിടാനാകും. ഇംഗ്ലണ്ടിനായി പന്തെറിയുന്ന ആര്‍ച്ചറെയും മാര്‍ക്ക് വുഡിനെയും പോലുള്ള ബൗളര്‍മാര്‍ ഒരോവര്‍ കൂടി അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ അവരെ അഞ്ചോവര്‍ എറിയാന്‍ അനുവദിക്കുന്നതാണ് മത്സരം കൂടുതല്‍ ആവേശകരമാകാന്‍ സഹായിക്കുക.

ഇത് മികച്ച ഇലവനെ തെരഞ്ഞെടുക്കാനും ടീമുകളെ സഹായിക്കും. കുറച്ച് പന്തെറിയുകയും കുറച്ച് ബാറ്റ് ചെയ്യുകയും ചെയ്യുന്ന തട്ടിക്കൂട്ട് കളിക്കാരെ ഒഴിവാക്കി മികച്ച ബൗളര്‍മാരെയും ബാറ്റ്സ്മാന്‍മാരെയും ടീമുകള്‍ക്ക് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവുമെന്നും വോണ്‍ പറഞ്ഞു. വോണിന്റെ അഭിപ്രായത്തോട് കമന്ററി ബോക്സിലുണ്ടായിരുന്ന നാസര്‍ ഹുസൈനും യോജിച്ചു.