അവതാരകനായ ഹര്‍ഷ ഭോഗ്ലെയെയും സൂര്യ തന്‍റെ കുടക്കീഴില്‍ നിര്‍ത്തുകയും ചെയ്തു. പുരസ്കാരം സ്വീകരിച്ച് സംസാരിച്ച സൂര്യ ഇത് തന്‍റെ ഭാര്യക്ക് സമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കി.
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിര്‍ണായ മത്സരത്തില്‍ വെടിക്കെട്ട് ഇന്നിംഗ്സുമായി മുംബൈയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗായിരുന്നു. 18 ഓവറില്‍ 132 റൺസ് മാത്രമെടുത്തിരുന്ന മുംബൈ അവസാന രണ്ടാവറില്‍ 48 റണ്‍സ് അടിച്ചെടുത്താണ് 180 റണ്‍സിലെത്തിയത്. മുകേഷ് കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 27 റണ്‍സും ചമീര എറിഞ്ഞ 20ാം ഓവറില്‍ 21 റണ്‍സുമാണ് സൂര്യകുമാറും നമാൻ ധിറും ചേര്‍ന്ന് അടിച്ചെടുത്തത്.
സൂര്യകുമാര്‍ 43 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നമാന്‍ ധിര്‍ എട്ട് പന്തില്‍ 24 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 18.2 ഓവറില്‍ 121 റണ്‍സിന് തകര്‍ന്നടിഞ്ഞപ്പോള്‍ മുംബൈ 59 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി പ്ലേ ഓഫിലെത്തി. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ വാംഖഡെയില്‍ കനത്ത മഴയെത്തി. കനത്ത മഴയിലായിരുന്നു സമ്മാനദാനച്ചടങ്ങ് നടന്നത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവ് കുട ചൂടിയാണ് പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിക്കാനെത്തിയത്.
അവതാരകനായ ഹര്‍ഷ ഭോഗ്ലെയെയും സൂര്യ തന്‍റെ കുടക്കീഴില്‍ നിര്‍ത്തുകയും ചെയ്തു. പുരസ്കാരം സ്വീകരിച്ച് സംസാരിച്ച സൂര്യ ഇത് തന്‍റെ ഭാര്യക്ക് സമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കി. കാരണം, ഈ പുരസ്കാരം തന്നെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് ഭാര്യയാണെന്നും ഐപിഎല്ലില്‍ എല്ലാ പുരസ്കാരങ്ങളും താങ്കള്‍ നേടി മാന്‍ ഓഫ് ദ് മാച്ച് മാത്രം നേടിയില്ലെന്നും ഭാര്യ തന്നോട് പറഞ്ഞിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ പുരസ്കാരം ഏറെ സ്പെഷ്യലാണെന്നും ഇത് ഭാര്യക്കുള്ളതാണെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.
ഒരു ബാറ്ററെങ്കിലും ഇന്നിംഗ്സിന്‍റെ അവസാനം വരെ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു പ്ലാനെന്നും 15-20 റൺസ് നേടാന്‍ കഴിയുന്ന ഒന്നോ രണ്ടോ ഓവറെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു. നമാന്‍ ധിര്‍ ക്രീസിലെത്തി ഊര്‍ജ്ജം പകർന്നതും തന്‍റെ പ്രകടനത്തില്‍ നിര്‍ണായകമായെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.


