മുംബൈ: അവന്‍ ശരിക്കുമൊരു മണ്ടനാണ്, ആദ്യ പന്ത് നേരിടാന്‍ അവന്‍ എപ്പോഴും തയാറാവില്ല. സ്പിന്നര്‍മാരെ കളിക്കാന്‍ അവന് ഇഷ്ടമാണ്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുകയുമില്ല, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെക്കുറിച്ച് സഹ ഓപ്പണറായ രോഹിത് ശര്‍മയുടെ വാക്കുകളാണിത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലാണ് ധവാനുമൊത്തുള്ള ഓപ്പണിംഗ് ബാറ്റിംഗിനെക്കുറിച്ച് രോഹിത് രസകരമായി പ്രതികരിച്ചത്.

2013ല്‍ ഇന്ത്യന്‍ ഓപ്പണറായി ആദ്യമായി ഇറങ്ങിയപ്പോള്‍ ധവാനായിരുന്നു എന്റെ പങ്കാളി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓപ്പണറായുള്ള ആദ്യ മത്സരത്തിന് മുമ്പ് ഞാന്‍ ധവാനോട് പറഞ്ഞു, ന്യൂബോള്‍ നേരിട്ട് എനിക്ക് പരിചയമില്ല, അതുകൊണ്ട് നീ ആദ്യ പന്ത് സ്ട്രൈക്ക് ചെയ്യൂ എന്ന്. എന്നാല്‍ ധവാന്റെ മറുപടി, നിങ്ങള്‍ കുറച്ചുകാലമായി കളിക്കുന്ന ബാറ്റ്സ്മാനല്ലെ, എന്റേതാണെങ്കില്‍ ഇത് ആദ്യ വിദേശ പരമ്പരയാണ് എന്നായിരുന്നു. ടീമിന്റെ പതിവ് ഓപ്പണറുടെ മറുപടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്-ചിരിച്ചുകൊണ്ട് രോഹിത് പറഞ്ഞു.

Also Read: കോലിയും ധോണിയുമല്ല; പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ താരത്തെ കുറിച്ച് കുല്‍ദീപ് യാദവ്

അതിനുശേഷം ഞാന്‍ ആദ്യ പന്ത് സ്ട്രൈക്ക് ചെയ്യാന്‍ തയാറായി. മോണി മോര്‍ക്കലായിരുന്നു ബൗളര്‍. ആദ്യ മൂന്ന് പന്തുകള്‍ ഞാന്‍ കണ്ടതേയില്ല. കാരണം അത്രയും ബൗണ്‍സ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ധവാനുമൊത്തുള്ള എന്റെ ആദ്യ അനുഭവം. ഇപ്പോള്‍ പക്ഷെ അദ്ദേഹത്തൊപ്പം ബാറ്റ് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു-രോഹിത് പറഞ്ഞു.

ചില സമയങ്ങളില്‍ ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ ധവാന്‍ നമ്മളെ വെറുപ്പിക്കും. ബാറ്റ് ചെയ്യുന്നതിനിടെ നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് കേള്‍ക്കില്ല. എന്നിട്ട് അല്‍പസമയം കഴിയുമ്പോള്‍ എന്താ പറഞ്ഞതെന്ന് ചോദിക്കും. കടുത്ത സമ്മര്‍ദ്ദത്തില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കും ഇത്തരം കുട്ടിക്കളി എന്ന് ഓര്‍ക്കണം. അതുപോലെ ബാറ്റ് ചെയ്യുമ്പോള്‍ റണ്ണെടുക്കാന്‍ ഓടുന്ന കാര്യത്തിലും അവന്‍ ആശയക്കുഴപ്പമുണ്ടാക്കും. ആദ്യം ഓടുന്നതുപോലെ കാണിച്ച് തിരിച്ചുപോവും. അതിനുശേഷം ഞാന്‍ തീരുമാനിച്ചു, പന്ത് ഗ്യാപ്പിലേക്ക് പോയി എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമെ ഓടൂ എന്ന്. അതുവഴി എനിക്ക് ഒരുപാട് റണ്‍സ് നഷ്ടമായിട്ടുണ്ട്. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല-രോഹിത് പറഞ്ഞു.

താങ്കളിത് പറയാന്‍ തയാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു വാര്‍ണറുടെ പ്രതികരണം. കാരണം ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ തനിക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ആരെങ്കിലും തുറന്നുപറയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും രോഹിത്തിനോട് വാര്‍ണര്‍ പറഞ്ഞു.