ഏകദിന ക്രിക്കറ്റില്‍ 23 റണ്‍സ് കൂടി നേടിയാല്‍ 6000 ഏകദിന റണ്‍സെന്ന നേട്ടം ധവാന് സ്വന്തമാവും. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടവും ഇതോടെ ധവാന് സ്വന്തമാവും.

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാളെ ഇന്ത്യയെ നയിച്ച് ഇറങ്ങുമ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഒരുപിടി റെക്കോര്‍ഡുകള്‍ കൈയകലത്തിലാണ്. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനായി അരങ്ങേറുന്ന 35കാരനായ ധവാന്‍ ബാറ്റിംഗില്‍ അനുപമമായ മറ്റൊരു റെക്കോര്‍ഡ് നാളെ സ്വന്തമാക്കിയേക്കും.

ഏകദിന ക്രിക്കറ്റില്‍ 23 റണ്‍സ് കൂടി നേടിയാല്‍ 6000 ഏകദിന റണ്‍സെന്ന നേട്ടം ധവാന് സ്വന്തമാവും. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടവും ഇതോടെ ധവാന് സ്വന്തമാവും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുശേഷം ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും ധവാന് സ്വന്തമാവും. 147 ഇന്നിംഗ്സുകളില്‍ 6000 റണ്‍സ് പിന്നിട്ടുള്ള മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇപ്പോള്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 139 ഇന്നിംഗ്സില്‍ 45.28 ശരാശരിയില്‍ 5977 റണ്‍സാണ് നിലവില്‍ ധവാന്‍റെ സമ്പാദ്യം. 136 ഇന്നിംഗ്സിലാണ് വിരാട് കോലി 6000 റണ്‍സ് പിന്നിട്ടത്.

17 റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സെന്ന നേട്ടവും ധവാന് സ്വന്തമാക്കാം. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യന്‍ താരമാവും ധവാന്‍.